അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും വ്യത്യസ്ത സ്‌കൂളുകളാണെന്ന് പറയുകയാണ് ബോളിവുഡ് നടനും ദേശീയ അവാര്‍ഡ് ജേതാവുമായി മനോജ് ബാജ്‌പേയ്. ഇരുവരുടെയും സിനിമകള്‍ കുട്ടിക്കാലം മുതല്‍ താന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഒരുപാട് കാര്യങ്ങള്‍ അവരിലൂടെ പഠിക്കാനായെന്നും താരം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രേം നസീര്‍ സാറും ഓം പുരിയും പോലെ, അല്ലെങ്കില്‍ റോബര്‍ട്ട് ഡി നീറോയും അല്‍ പാച്ചിനോയും പോലെ വ്യത്യസ്തമായ അഭിനയ രീതിയാണ് രണ്ടുപേര്‍ക്കുമുള്ളത്. ഡി നീറോയെ നോക്കിയാല്‍ അദ്ദേഹം അവസാനനിമിഷം വരെ എത്രയൊക്കെ തയാറായി നിന്നാലും ഷൂട്ടിന്റെ സമയത്ത് സ്‌പെഷ്യലായി എന്തെങ്കിലും കരുതിയിട്ടുണ്ടാകും. ലാസ്റ്റ് മിനിറ്റില്‍ എന്ത് കിട്ടിയാലും അത് പെട്ടെന്ന് ഗ്രാസ്പ് ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്.
മനോജ് ബാജ്‌പേയ് Photo: Screen grab/ Galatta plus
അല്‍ പാച്ചിനോയുടെ കാര്യം നോക്കിയാല്‍ അദ്ദേഹം തറോ ആയിട്ടുള്ള ആളാണ്. സ്വന്തം മടയില്‍ റിഹേഴ്‌സല്‍ ചെയ്ത കാര്യം എന്താണോ അതായിരിക്കും അദ്ദേഹം പെര്‍ഫോം ചെയ്യുക. സെറ്റില്‍ അദ്ദേഹം എത്തിക്കഴിഞ്ഞാല്‍ പിന്നെ അതില്‍ ഒരു കൈകടത്തലോ ശബ്ദ കോലാഹലങ്ങളോ അവിടെ ഉണ്ടാകാറില്ല. മമ്മൂട്ടി സാര്‍ അല്‍ പാച്ചിനോയെ പോലെയാണ്,’ മനോജ് ബാജ്‌പേയ് പറയുന്നു.
സ്‌ക്രിപ്റ്റിനെക്കുറിച്ച് പിന്നില്‍ നിന്ന് ചിന്തിക്കാന്‍ സാധിക്കുന്നയാളാണ് മോഹന്‍ലാലെന്നും മനോജ് ബാജ്‌പേയ് പറഞ്ഞു. ഷോട്ട് കഴിഞ്ഞാല്‍ അതുവരെ പെര്‍ഫോം ചെയ്തതിനെ വിട്ടുകളയാന്‍ സാധിക്കുമെന്നും പിന്നീട് അതിലേക്ക് ഇറങ്ങിച്ചെല്ലാനും മോഹന്‍ലാലിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മമ്മൂട്ടി വ്യത്യസ്തനാണെന്നും താരം പറയുന്നു.
‘മമ്മൂട്ടി സാറിന്റെ അഭിനയം എത്രമാത്രം സൂക്ഷ്മമാണെന്നുള്ളതിന്റെ ഉദാഹരണമാണ് ഭ്രമയുഗം. ആകെ മൂന്ന് പ്രധാന കഥാപാത്രങ്ങള്‍ മാത്രമുള്ള സിനിമയെ അദ്ദേഹം എങ്ങനെയാണ് ക്യാരി ചെയ്തതെന്ന് നോക്കൂ. ആ സിനിമയില്‍ മമ്മൂട്ടി സാറിന്റെ കഥാപാത്രം ആദ്യത്തെ കുറച്ച് സീനുകളില്‍ കാണിക്കുന്ന ചില ചെറിയ എക്‌സ്പ്രഷനുകളുണ്ട്. പടത്തിന്റെ അവസാനമാണ് അതിനെല്ലാം ഉത്തരം ലഭിക്കുന്നത്. അതൊക്കെ അദ്ദേഹത്തിന് മാത്രം സാധിക്കുന്ന കാര്യമാണ്,’ മനോജ് ബാജ്‌പേയ് കൂട്ടിച്ചേര്‍ത്തു.
ബോളിവുഡിലെ മികച്ച താരങ്ങളിലൊരാളാണ് മനോജ് ബാജ്‌പേയ്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ശ്രദ്ധ നേടിയ താരം നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഭോസ്ലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മനോജ് ബാജ്‌പേയ്‌യെ തേടിയെത്തിയിട്ടുണ്ട്. ഫാമിലി മാന്‍ എന്ന സിരീസിലൂടെ ഇന്ത്യയൊട്ടാകെ അദ്ദേഹം ശ്രദ്ധേയനായി.
Content Highlight: Manoj Bajpayee explains the acting style of Mammootty and Mohanlal