ഞാന്‍ ചെയ്യുന്ന തെറ്റുകള്‍ മാത്രം നോക്കാന്‍ ലളിത ചേച്ചി നില്‍ക്കുമായിരുന്നു, 'നീ മന്ദബുദ്ധിയാണോ' എന്ന് ചോദിച്ചിട്ടുണ്ട്: മഞ്ജുഷ കോലോത്ത്
Entertainment
ഞാന്‍ ചെയ്യുന്ന തെറ്റുകള്‍ മാത്രം നോക്കാന്‍ ലളിത ചേച്ചി നില്‍ക്കുമായിരുന്നു, 'നീ മന്ദബുദ്ധിയാണോ' എന്ന് ചോദിച്ചിട്ടുണ്ട്: മഞ്ജുഷ കോലോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th May 2025, 5:36 pm

ഒരുകാലത്ത് നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മഞ്ജുഷ കോലോത്ത്. 2006ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മഞ്ജുഷ തന്റെ കരിയര്‍ ആരംഭിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരി ആയിട്ടാണ് നടി വേഷമിട്ടത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ മഞ്ജുഷക്ക് സാധിച്ചു. കൂടുതലും സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ തന്നെയാണ് നടി അഭിനയിച്ചത്.

പാപ്പി അപ്പച്ചാ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജുഷ കോലോത്ത്. പാപി അപ്പച്ചാ എന്ന സിനിമ ചെയ്യുന്ന സമയത്ത് കെ.പി.എ.സി ലളിത താന്‍ ചെയ്യുന്ന തെറ്റുകള്‍ മാത്രം നോക്കാന്‍ വേണ്ടി നില്‍ക്കുമായിരുന്നുവെന്നും കാരണം താന്‍ ചെയ്യുന്നതില്‍ ഏറെയും മണ്ടത്തരമായിരുന്നുവെന്നും മഞ്ജുഷ പറയുന്നു.

ഒരു സീനില്‍ താന്‍ തെറ്റിച്ചപ്പോള്‍ എല്ലാവരും ചിരിച്ചെന്നും അപ്പോള്‍ കെ.പി.എ.സി ലളിത താന്‍ മന്ദബുദ്ധി ആണോയെന്ന് ചോദിച്ചെന്നും മഞ്ജുഷ പറഞ്ഞു. ലൈഫ് നെറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജുഷ കോലോത്ത് പറയുന്നു.

‘പാപി അപ്പച്ചാ എന്ന സിനിമ ചെയ്യുന്ന സമയത്ത് ലളിത ചേച്ചി ഞാന്‍ ചെയ്യുന്ന തെറ്റുകള്‍ മാത്രം നോക്കാന്‍ വേണ്ടി നില്‍ക്കുമായിരുന്നു. കാരണം ഞാന്‍ ചെയ്യുന്നതെല്ലാം അബദ്ധമായിരിക്കും. ആ സിനിമയില്‍ പലഹാരങ്ങളെല്ലാം കുടയില്‍ ഒളിപ്പിച്ച് ദിലീപേട്ടനെ കാണാന്‍ പോകുന്ന ഒരു സീനുണ്ട്.

അതെടുക്കുന്നതിന് മുമ്പ് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ലളിത ചേച്ചി പലഹാരമെല്ലാം പാത്രങ്ങളിലാക്കും, അതെടുത്ത് കുടയുടെ ഉള്ളില്‍ വെച്ചിട്ട് വേണം പോകാന്‍ എന്ന്. എന്നാല്‍ ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നേ ഇല്ല. കാരണം അന്നത്തെ പ്രായം അതാണല്ലോ.

ഞാന്‍ ഈ പത്രം എടുത്ത് വെക്കാതെ എല്ലാം കൂടി വാരി ആ കുടയിലേക്ക് ഇട്ടു. അത് കണ്ടതും എല്ലാവരും ചിരിച്ചു. പക്ഷെ ലളിത ചേച്ചി വന്നിട്ട് എന്നോട് ചോദിച്ചു, ‘നീ മന്ദബുദ്ധിയാണോ, നിന്നോട് നൂറ് പ്രാവശ്യം പറഞ്ഞതല്ലേ’ എന്ന്,’ മഞ്ജുഷ കോലോത്ത് പറയുന്നു.

Content Highlight: Manjusha Kolooth Talks About KPAC Lalitha