അന്ന് ജയറാമേട്ടനെ കണ്ടതും ഓടിച്ചെന്ന് ഞാന്‍ ആ കാര്യം ചോദിച്ചു; സ്വീറ്റായി സംസാരിക്കുന്ന വ്യക്തി: മഞ്ജുഷ
Entertainment
അന്ന് ജയറാമേട്ടനെ കണ്ടതും ഓടിച്ചെന്ന് ഞാന്‍ ആ കാര്യം ചോദിച്ചു; സ്വീറ്റായി സംസാരിക്കുന്ന വ്യക്തി: മഞ്ജുഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th April 2025, 9:05 pm

ഒരുകാലത്ത് നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മഞ്ജുഷ കോലോത്ത്. 2006ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മഞ്ജുഷ തന്റെ കരിയര്‍ ആരംഭിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരി ആയിട്ടാണ് നടി വേഷമിട്ടത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ മഞ്ജുഷക്ക് സാധിച്ചു. കൂടുതലും സത്യന്‍ അന്തിക്കാടന്‍ ചിത്രങ്ങളില്‍ തന്നെയാണ് നടി അഭിനയിച്ചത്.

ഇതില്‍ സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു, ഭാഗ്യദേവത തുടങ്ങി നിരവധി സിനിമകളില്‍ മഞ്ജുഷ അഭിനയിച്ചിരുന്നു. കഥ തുടരുന്നു, ഭാഗ്യദേവത എന്നീ സിനിമകളില്‍ നായകനായത് ജയറാമായിരുന്നു.

ഇപ്പോള്‍ മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആദ്യമായി ജയറാമിനെ കണ്ടതിനെ കുറിച്ച് പറയുകയാണ് മഞ്ജുഷ കോലോത്ത്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് അദ്ദേഹമെന്നും അന്ന് ആദ്യമായി കണ്ടപ്പോള്‍ താന്‍ ഓടിച്ചെന്ന് പാര്‍വതിയെ കുറിച്ചും മക്കളെ കുറിച്ചും ചോദിച്ചെന്നും മഞ്ജുഷ പറയുന്നു.

ഭാഗ്യദേവതയിലാണ് എനിക്ക് ആദ്യമായി ജയറാമേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് അദ്ദേഹം. ഞാന്‍ ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോള്‍ ഓടിച്ചെന്ന് കുറേകാര്യങ്ങള്‍ ചോദിച്ചിരുന്നു.

‘പാര്‍വതി ചേച്ചി എന്ത് ചെയ്യുന്നു? മക്കള്‍ എന്തുചെയ്യുന്നു?’ എന്നൊക്കെയാണ് ഞാന്‍ ചോദിച്ചത്. നമ്മളോടൊക്കെ വളരെ സ്വീറ്റായി സംസാരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. നന്നായി സംസാരിക്കുകയും ചെയ്യും,’ മഞ്ജുഷ കോലോത്ത് പറയുന്നു.

ഭാഗ്യദേവത:

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭാഗ്യദേവത. ജയറാം നായകനായ ഈ സിനിമയില്‍ മഞ്ജുഷക്ക് പുറമെ കനിഹ, നരേന്‍, ഇന്നസെന്റ്, നെടുമുടി വേണു, വേണു നാഗവള്ളി തുടങ്ങി വന്‍ താരനിരയാണ് ഒന്നിച്ചത്.


Content Highlight: Manjusha Kolooth Talks About Jayaram