ഞാന്‍ അന്തംവിട്ട് അത്ഭുതത്തോടെ നോക്കാറുള്ള നടി; അടുത്ത് നില്‍ക്കുമ്പോള്‍ എനിക്ക് അമ്പരപ്പാണ്: മഞ്ജു വാര്യര്‍
Entertainment
ഞാന്‍ അന്തംവിട്ട് അത്ഭുതത്തോടെ നോക്കാറുള്ള നടി; അടുത്ത് നില്‍ക്കുമ്പോള്‍ എനിക്ക് അമ്പരപ്പാണ്: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th June 2025, 4:36 pm

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. 1996ല്‍ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയില്‍ നായികയായി എത്തുന്നത്. എന്നാല്‍ അതിന് മുമ്പ് 1995ല്‍ തന്റെ പതിനേഴാമത്തെ വയസില്‍ സാക്ഷ്യം എന്ന സിനിമയില്‍ നടി അഭിനയിച്ചിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടാന്‍ മഞ്ജുവിന് സാധിച്ചിരുന്നു. ഇടയ്ക്ക് കരിയറില്‍ ബ്രേക്ക് വന്നെങ്കിലും തിരിച്ചുവരവിന് ശേഷം മലയാളത്തിന് പുറമെ തമിഴിലും മികച്ച സിനിമകളില്‍ ഭാഗമാകുകയാണ് നടി.

ഇപ്പോള്‍ ഉര്‍വശിയെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യര്‍. ഉര്‍വശിയെ താന്‍ കുട്ടികാലം മുതല്‍ക്കേ സിനിമയിലൂടെ കാണുന്നുണ്ടെന്നും താന്‍ അന്തംവിടുകയും അത്ഭുതപ്പെടുകയും ചെയ്തിട്ടുണ്ടെന്നും മഞ്ജു പറയുന്നു.

താന്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടിയാണ് ഉര്‍വശിയെന്നും അവരൊരു മഹാനടിയാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. തിരക്കഥാകൃത്തായ അഭിലാഷ് പിള്ള നിര്‍മാതാവായിട്ട് വരുന്ന ചിത്ത്രിന്റെ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. പരിപാടിയില്‍ ഉര്‍വശിയും പങ്കെടുത്തിരുന്നു.

‘ഇന്ന് ഞാന്‍ ഒരുപാട് ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആളുകള്‍ ഈ പരിപാടിയിലുണ്ട്. ഉര്‍വശി ചേച്ചിയെ ഒക്കെ ഞാന്‍ കുട്ടികാലം മുതല്‍ക്കേ കാണുന്നതാണ്. ഞാന്‍ അന്തംവിട്ട്, അത്ഭുതപ്പെട്ട്, ആരാധിച്ച്, ബഹുമാനിച്ച് വരുന്ന നടിയാണ്. വലിയൊരു മഹാനടിയാണ് ചേച്ചി.

ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരാള്‍ കൂടിയാണ് ഉര്‍വശി ചേച്ചി. എപ്പോഴും ചേച്ചിയുടെ അടുത്ത് നില്‍ക്കുമ്പോള്‍ തന്നെ എനിക്കൊരു അമ്പരപ്പാണ്. ആ സമയത്ത് ഞാനിങ്ങനെ ചേച്ചിയെ നോക്കി ഇരിക്കാറുണ്ട്. ഉര്‍വശി ചേച്ചിയുടെ കൂടെ ഈ സദസില്‍ ഇരിക്കാന്‍ പറ്റിയതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്,’ മഞ്ജു വാര്യര്‍ പറയുന്നു.

Content Highlight: Manju Warrier Talks About Urvashi