സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രചോദനമായ സിനിമ; അവരുടെ അഭിനയം ഞാന്‍ ആസ്വദിച്ചു: മഞ്ജു വാര്യര്‍
Entertainment
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രചോദനമായ സിനിമ; അവരുടെ അഭിനയം ഞാന്‍ ആസ്വദിച്ചു: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th February 2025, 4:24 pm

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യൂ. ഏറെക്കാലത്തിന് ശേഷം മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് തിരിച്ചുവന്നത് ഈ സിനിമയിലൂടെയായിരുന്നു. റവന്യു ഡിപ്പാര്‍ട്ട്‌മെന്റിലെ യു.ഡി ക്ലാര്‍ക്കായ നിരുപമ രാജീവ് എന്ന കഥാപാത്രത്തെയാണ് മഞ്ജു ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

കുഞ്ചാക്കോ ബോബന്‍, ലാലു അലക്‌സ്, കനിഹ തുടങ്ങിയവരും ഹൗ ഓള്‍ഡ് ആര്‍ യൂവില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഈ ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ 36 വയതിനിലെ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നത് ജ്യോതികയായിരുന്നു.

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ജ്യോതികയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവായിരുന്നു ആ സിനിമ. 36 വയതിനിലെ ജ്യോതികയുടെ അഭിനയത്തെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യര്‍.

ജ്യോതികയുടെ അഭിനയം വളരെ മികച്ചതായിരുന്നുവെന്നും താന്‍ അവരുടെ അഭിനയം ആസ്വദിച്ചു കണ്ടിരുന്നെന്നുമാണ് മഞ്ജു പറയുന്നത്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ ധാരാളം സ്ത്രീകളില്‍ വളരെ ആഴത്തില്‍ വേരോടിയിരുന്നു. പ്രായം വെറുമൊരു സംഖ്യയാണെന്ന് ആ സിനിമ പറഞ്ഞ കാര്യം സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും പ്രചോദനം ആയിരുന്നു. ഈ സിനിമയുടെ തമിഴ് ആയ 36 വയതിനിലെ എന്ന പടത്തില്‍ ജ്യോതികയുടെ അഭിനയം വളരെ മികച്ചതായിരുന്നു. ഞാന്‍ അവരുടെ അഭിനയം ആസ്വദിച്ചു കണ്ടിരുന്നു,’ മഞ്ജു വാര്യര്‍ പറഞ്ഞു.

താന്‍ ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ സിനിമയിലേക്ക് തിരിച്ചുവന്നപ്പോള്‍ ബ്ലാങ്കായിട്ടാണ് വന്നതെന്നും ബ്രേക്കിന് ശേഷം ആ സിനിമ ചെയ്യുമ്പോള്‍ ആരാധകര്‍ എങ്ങനെ തന്നെ സ്വീകരിക്കുമെന്ന ഒരു ധാരണയുമില്ലായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ അന്ന് സിനിമയിലേക്ക് തിരിച്ചുവന്നപ്പോള്‍ ബ്ലാങ്കായിട്ടാണ് വന്നത്. ബ്രേക്കിന് ശേഷം ഹൗ ഓള്‍ഡ് ആര്‍ യൂ സിനിമ ചെയ്യുമ്പോള്‍ ആരാധകര്‍ എങ്ങനെ എന്നെ സ്വീകരിക്കും എന്ന ഒരു ധാരണയുമില്ലായിരുന്നു.

പക്ഷേ എനിക്ക് ചുറ്റുമുണ്ടായിരുന്നവര്‍ എന്നെ പ്രോത്സാഹിപ്പിച്ച് ഉത്സാഹപ്പെടുത്തി. ആരാധകരില്‍ നിന്നും നല്ല സ്വീകരണവും ലഭിച്ചു. അതിനുശേഷം പിന്നെ തിരിഞ്ഞുനോക്കിയില്ല. അഭിനയമാണ് എന്റെ ജീവിതമെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു,’ മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlight: Manju Warrier Talks About Jyothika