ആ സുരേഷ് ഗോപി ചിത്രം തിയേറ്ററില്‍ കണ്ടപ്പോള്‍ എന്റെ അഭിനയം ഇഷ്ടമായില്ല; കുറച്ചുകൂടി നന്നാക്കാമായിരുന്നെന്ന് തോന്നി: മഞ്ജു വാര്യര്‍
Entertainment
ആ സുരേഷ് ഗോപി ചിത്രം തിയേറ്ററില്‍ കണ്ടപ്പോള്‍ എന്റെ അഭിനയം ഇഷ്ടമായില്ല; കുറച്ചുകൂടി നന്നാക്കാമായിരുന്നെന്ന് തോന്നി: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th February 2025, 9:22 am

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. 1996ല്‍ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയില്‍ നായികയായി എത്തുന്നത്. എന്നാല്‍ അതിന് മുമ്പ് 1995ല്‍ തന്റെ പതിനേഴാമത്തെ വയസില്‍ സാക്ഷ്യം എന്ന സിനിമയില്‍ നടി അഭിനയിച്ചിരുന്നു.

ചെറിയാന്‍ കല്‍പകവാടി രചന നിര്‍വഹിച്ച് മോഹന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സാക്ഷ്യം. മുരളി, സുരേഷ് ഗോപി, ഗൗതമി, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.

അന്ന് തനിക്ക് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നെന്നും സാക്ഷ്യം റിലീസായി തിയേറ്ററില്‍ കണ്ടപ്പോള്‍ തന്റെ അഭിനയം ഇഷ്ടപ്പെട്ടില്ലെന്നും പറയുകയാണ് മഞ്ജു വാര്യര്‍. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സാക്ഷ്യത്തില്‍ അഭിനയിക്കുമ്പോള്‍ എന്തായിരുന്നു മാനസികാവസ്ഥ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി.

‘അന്ന് എനിക്ക് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എങ്കിലും അഭിനയിക്കാന്‍ പേടിയൊന്നും ഉണ്ടായിരുന്നില്ല. ആ സിനിമ റിലീസായി തിയേറ്ററില്‍ കണ്ടപ്പോള്‍ സത്യം പറയട്ടെ, എന്റെ അഭിനയം എനിക്ക് ഇഷ്ടപ്പെട്ടില്ല. ആ സിനിമയില്‍ കുറച്ചുകൂടി നന്നായി അഭിനയിക്കാമായിരുന്നുവെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

അഭിനയത്തില്‍ ഞാന്‍ ചെയ്ത തെറ്റുകള്‍ മനസിലാക്കി പിന്നീടുള്ള സിനിമകളില്‍ ഞാന്‍ തിരുത്തിക്കൊണ്ടിരുന്നു. ഈ നിമിഷത്തിലും എന്റെ സിനിമകള്‍ കണ്ടിട്ട് സന്തോഷിക്കുന്ന അതേവേളയില്‍ എന്റെ അഭിനയത്തിലെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ചുകൊണ്ടേയിരിക്കുകയാണ്.

നൂറുശതമാനം നന്നായി അഭിനയിച്ചുവെന്ന സംതൃപ്തി ഇതുവരെ എനിക്കുണ്ടായിട്ടില്ല. ആ സംതൃപ്തി ഈ ആയുസ് തീരുന്നതിന് മുമ്പുകിട്ടുമെന്നാണ് എന്റെ വിശ്വാസം. അതിനുവേണ്ടി ജീവിതകാലം മുഴുവന്‍ അഭിനയിച്ചുകൊണ്ടിരിക്കാനാണ് എനിക്ക് ആഗ്രഹം,’ മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlight: Manju Warrier Talks About Her First Film