ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്‌ത വ്യക്തി; എന്നാൽ കരുത്തോടെ നിൽക്കാൻ അമ്മയ്ക്ക് സാധിച്ചു: മഞ്ജു വാര്യർ
Entertainment
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്‌ത വ്യക്തി; എന്നാൽ കരുത്തോടെ നിൽക്കാൻ അമ്മയ്ക്ക് സാധിച്ചു: മഞ്ജു വാര്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th June 2025, 7:06 am

17ാം വയസിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ. പിന്നീട് സല്ലാപം എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം മൂന്ന് വർഷത്തെ കാലയളവിൽ ഏകദേശം 20 ഓളം മലയാള സിനിമകളിൽ വ്യത്യസ്തമായ ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശം എന്നിവ ലഭിച്ചിട്ടുണ്ട്. 1999ൽ അഭിനയം നി‍ർത്തിയെങ്കിലും 2014ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി. ഇപ്പോൾ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് നടി.

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്‌തയാളാണ് തന്റെ അമ്മയെന്നും ഓരോ പ്രതിസന്ധിക്കാലത്തും കരുത്തോടെ നിൽക്കാൻ അമ്മയ്ക്ക് കഴിഞ്ഞെന്നും മഞ്ജു പറയുന്നു. പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാൻ അമ്മയ്ക്ക് സാധിച്ചെന്നും താനും സഹോദരനും ഷൂട്ടിങ് തിരക്കുകളിലായിരിക്കുമ്പോൾ അമ്മ ഒറ്റക്കാണല്ലോ എന്ന ചിന്ത ആദ്യം തന്നെ അലട്ടിയിരുന്നെന്നും അവർ പറഞ്ഞു.

എന്നാൽ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് തങ്ങളുടെ അസാന്നിധ്യത്തിലും അമ്മ സന്തോഷം കണ്ടെത്തിയെന്നും ഇഷ്ടമുള്ള പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും മഞ്ജു വ്യക്തമാക്കി.

അമ്മ പുതിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ അതിനൊപ്പം നിൽക്കാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ അനുഗ്രഹമെന്നും മഞ്ജു കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു നടി.

‘ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്‌തയാളാണ് അമ്മ. അർബുദം, അച്ഛന്റെ വിയോഗം തുടങ്ങി ഓരോ പ്രതിസന്ധിക്കാലത്തും കരുത്തോടെ നിൽക്കാൻ അമ്മയ്ക്ക് കഴിഞ്ഞു. ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു.

ഞാനും ചേട്ടനുമെല്ലാം ഷൂട്ടിങ് തിരക്കുകളിലാകുമ്പോൾ അമ്മ ഒറ്റക്കാണല്ലോ എന്ന ചിന്ത എന്നെ ആദ്യം അലട്ടിയിരുന്നു. എന്നാൽ ഇഷ്ടമുള്ള കാര്യങ്ങളിൽ മുഴുകി ഞങ്ങളുടെ അസാന്നിധ്യത്തിലും അമ്മ സന്തോഷവതിയായി. വെറുതേയിരിക്കാതെ ഇഷ്ടമുള്ള പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുകയാണ് അമ്മ കഴിഞ്ഞ കുറച്ച് കാലമായി. യോഗ, മോഹിനിയാട്ടം. കഥകളി, എഴുത്ത് എന്നിങ്ങനെ ഓരോ മേഖലയിലും അമ്മ പുതിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ അതിനൊപ്പം നിൽക്കാൻ കഴിയുന്നു എന്നതാണ് മകളെന്ന നിലയിൽ ഏറ്റവും വലിയ അനുഗ്രഹം,’ മഞ്ജു പറയുന്നു.

Content Highlight: Manju Warrier Talking about her Mother