17ാം വയസിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ. പിന്നീട് സല്ലാപം എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം മൂന്ന് വർഷത്തെ കാലയളവിൽ വ്യത്യസ്തങ്ങളായ ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 20 ഓളം സിനിമകളിൽ ഇക്കാലയളവിൽ മഞ്ജു അഭിനയിച്ചു.
ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജു മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. 1999ൽ അഭിനയം നിർത്തിയെങ്കിലും 2014ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി.
താൻ സംവിധാനത്തിലേക്ക് കടക്കുമെന്ന് തോന്നുന്നില്ലെന്നും തനിക്ക് അക്കാര്യം സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ലെന്നും മഞ്ജു പറയുന്നു. താൻ നിർമാണത്തിലേക്ക് കടന്നുവെങ്കിലും സംവിധാനത്തിലേക്ക് കടക്കില്ലെന്നും അത് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണ്ട കാര്യമാണെന്നും മഞ്ജു പറഞ്ഞു. താനൊരു ഡയറക്ടേഴ്സ് ആക്ടർ ആണെന്നാണ് താൻ തന്നെ നോട്ടീസ് ചെയ്തിരിക്കുന്നതെന്നും മഞ്ജു കൂട്ടിച്ചേർത്തു.
സംവിധായകർ എന്ത് പറയുന്നോ അതിനനുസരിച്ച് നീങ്ങാനെ തനിക്കറിയുകയുള്ളുവെന്നും അതിനപ്പുറം അറിയില്ലെന്നും മഞ്ജു പറയുന്നു. സംവിധായകൻ ആകണമെങ്കിൽ എന്ത് വേണം എന്നുള്ളതിന് കൃത്യമായിട്ട് ധാരണ വേണമെന്നും മഞ്ജു കൂട്ടിച്ചേർത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു മഞ്ജു.
‘എനിക്ക് തോന്നുന്നില്ല ഞാൻ സംവിധാനത്തിലേക്ക് കടക്കുമെന്ന്. എനിക്ക് ഒരു തരത്തിലും സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. കാരണം അത് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണ്ട ഒരു പ്രോസസ് ആണ്. അപ്പോൾ ഞാൻ തന്നെ നോട്ടീസ് ചെയ്തിട്ടുള്ളത്, ഞാനൊരു ഡയറക്ടേഴ്സ് ആക്ടർ ആണെന്നാണ്.
സംവിധായകൻ അല്ലെങ്കിൽ സംവിധായക എന്ത് പറയുന്നോ അതിനനുസരിച്ച് നീങ്ങാനെ എനിക്കറിയൂ. അതിനപ്പുറത്തേക്ക് എനിക്കറിയില്ല. അപ്പോൾ സംവിധായകൻ ആകണമെങ്കിൽ എന്ത് വേണം എന്നുള്ളതിന് ഒരു കൃത്യമായിട്ട് ധാരണ വേണ്ടേ,’ മഞ്ജു പറയുന്നു.
Content Highlight: Manju Warrier talking about Direction