ആറാം തമ്പുരാനോ എമ്പുരാനോ കന്മദമോ അല്ല; ഞങ്ങളുടെ അധ്വാനത്തെ പത്തുനിമിഷം കൊണ്ട് ഇല്ലാതാക്കിയ ലാലേട്ടന്റെ ആ സിനിമയാണ് ഇഷ്ടം: മഞ്ജു വാര്യര്‍
Malayalam Cinema
ആറാം തമ്പുരാനോ എമ്പുരാനോ കന്മദമോ അല്ല; ഞങ്ങളുടെ അധ്വാനത്തെ പത്തുനിമിഷം കൊണ്ട് ഇല്ലാതാക്കിയ ലാലേട്ടന്റെ ആ സിനിമയാണ് ഇഷ്ടം: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th September 2025, 2:04 pm

കുട്ടിക്കാലത്ത് മോഹന്‍ലാല്‍ എന്ന നടനോട് തോന്നിയ ആരാധനയും ഒരുമിച്ച് സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവവും പങ്കുവെക്കുകയാണ് നടി മഞ്ജു വാര്യര്‍.

ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡിന്റെ അത്യുന്നതിയില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന ഈ നിമിഷം മറ്റെല്ലാ യാത്രാ ഓര്‍മകളും മാറ്റിവച്ച് ആ വിസ്മയ മനുഷ്യനിലേക്കല്ലാതെ ഏങ്ങോട്ടേക്കാണ് പോകാനാകുക എന്ന് പറഞ്ഞാണ് മഞ്ജു വാര്യറുടെ കുറിപ്പ്. കൂടെ അഭിനയിച്ച സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകള്‍ കന്മദമോ എമ്പുരാനോ ആറാം തമ്പുരാനോ ഒന്നും അല്ലെന്നും അത് സമ്മര്‍ ഇന്‍ ബത്‌ലഹേമാണെന്നും മഞ്ജു പറഞ്ഞു.

മോഹന്‍ലാലിനൊപ്പം താന്‍ ആദ്യമായി അഭിനയിക്കുന്നത് ആറാം തമ്പുരാനിലാണെന്നും നായകരില്‍ മോഹന്‍ലാലിനൊനോടൊപ്പമാണ് താന്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളതെന്നും മഞ്ജു പറയുന്നു.
എമ്പുരാന്‍ കൂടിയായതോടെ ഒമ്പത് സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘എല്ലാവരും എപ്പോഴും പറയാറുള്ളത് ആറാം തമ്പുരാനെയും കന്മദത്തെയും കുറിച്ചാണ്. പക്ഷേ അവയേക്കാളേറെ വ്യക്തിപരമായി ഇഷ്ടം ലാലേട്ടന്‍ എനിക്കൊപ്പം വെറും ഒമ്പതുമിനിട്ടുകള്‍ മാത്രമുള്ള ആ സിനിമയാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. അതിലെ നിരഞ്ജനാണ് എന്റെ ഇക്കാലം വരേയ്ക്കുമുള്ള ഏറ്റവും പ്രിയപ്പെട്ട നായകന്‍. ആ നഷ്ടനായകന്‍ എന്നെ ഇന്നും പിന്തുടരുന്നു, ഓര്‍ക്കുമ്പോഴൊക്കെ ഉള്ളാലെ കരയിക്കുന്നു, പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞു തരുന്നു. ഞാനപ്പോള്‍ അഭിരാമിയായി മാറുന്നു,’ മഞ്ജു പറയുന്നു.

ചെന്നൈയിലെ ഏതോ കെട്ടിടത്തിലായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചതെന്നും അതിലേക്കുള്ള കോണിപ്പടികള്‍ കയറിപ്പോയത് ഇന്നും ഓര്‍മയുണ്ടെന്നും മഞ്ജു പറഞ്ഞു. ആ കോണിപ്പടികള്‍ ഇതെഴുതുമ്പോള്‍ വീണ്ടും തന്നെ നിരഞ്ജന് മുന്നില്‍ കൊണ്ടുചെന്നുനിര്‍ത്തുന്നുവെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളെല്ലാവരും അത്രയും നേരം അഭിനയമെന്ന പേരില്‍ അധ്വാനിച്ചതിനെയൊക്കെ കേവലം പത്തുനിമിഷം കൊണ്ട് ലാലേട്ടന്‍ ഇല്ലാതാക്കിക്കളയുകയായിരുന്നു. സൂക്ഷിച്ചുനോക്കിയാലറിയാം, നടന്നുവന്നതിനുശേഷം ആ അഴികള്‍ക്ക് പിന്നിലുള്ള ഇത്തിരിപ്പോന്ന സ്ഥലത്തുനിന്നുകൊണ്ടാണ് അദ്ദേഹം അഭിനയിക്കുന്നത്, അല്ല നിരഞ്ജനായി പെരുമാറുന്നത്, ജീവിക്കുന്നത്.

ഒരു ജയില്‍പ്പുള്ളിയുടെ എല്ലാ അസ്വാതന്ത്ര്യങ്ങളും ആ അഭിനേതാവിനുമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം അതിനുമീതേ വികാരവായ്‌പോടെ സ്വതന്ത്രനായി വിഹരിച്ചുനിന്നു.

അഭിരാമിയുടെ കൈകളില്‍ നിന്ന് താലിവാങ്ങുന്ന നേരം ഒരു പ്രാവ് ചിറകുകുടയുംപോലെ ചുമലൊന്നിളക്കിയും, പിന്നെ അഴികളില്‍ തൊട്ടുനിന്നും പിന്നോട്ടൊന്ന് മാറി പ്രാണനറ്റുപോയ ഒരു പിഞ്ചുകുഞ്ഞിന്റെ ചോരപുരണ്ട ഓര്‍മയെ കൈവിരലുകളിലേക്ക് തിരികെക്കൊണ്ടുവന്നും, ഡെന്നീസിനോട് ‘ഐ ബെഗ് യൂ’ എന്ന് തൊണ്ടയില്‍കുരുക്കിയിട്ട ഒരു ശ്വാസക്കാറ്റിലൂടെ കെഞ്ചിയും അങ്ങനെയങ്ങനെ എന്തെല്ലാമാണ് ആ മനുഷ്യന്‍ തെല്ലിടകൊണ്ട് ചെയ്തുവെച്ചത്,’ മഞ്ജു പറഞ്ഞു.

Content highlight: Manju Warrier shares her childhood admiration for actor Mohanlal and her experience working together in films