നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു; മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ധനുഷിന് അഭിനന്ദനവുമായി മഞ്ജു വാര്യര്‍
National Film Award
നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു; മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ധനുഷിന് അഭിനന്ദനവുമായി മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd March 2021, 9:33 pm

67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുര്‌സകാരം നേടിയ ധനുഷിന് അഭിനന്ദനവുമായി നടി മഞ്ജു വാര്യര്‍. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്‌കാരം ലഭിച്ചത്. അസുരനില്‍ ധനുഷിനൊപ്പം നായികയായെത്തിയത് മഞ്ജുവായിരുന്നു. ഈ സിനിമയിചെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മഞ്ജു ധനുഷിന് അഭിനന്ദനം അറിയിച്ചത്.

ഫേസ്ബുക്കിലൂടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

‘ധനുഷ്, നിങ്ങള്‍ ഇത് തീര്‍ച്ചയായും അര്‍ഹിക്കുന്ന അംഗീകാരമാണ്! നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു,’ എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്.

ധനുഷിനൊപ്പം ബോളിവുഡ് താരം മനോജ് ബാജ്‌പേയ് ആണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിടുന്നത്. ഭോന്‍സ്ലെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മനോജ് ബാജ്‌പേയിക്ക് പുരസ്‌കാരം.

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി.

ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയര്‍ നേടി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരന്‍ സ്വന്തമാക്കി. കോളാമ്പിയിലെ ഗാനരചയ്ക്ക് പ്രഭാവര്‍മ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടി.

ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്‌കാരം നേടി. മരയ്ക്കാറിലെ വസ്ത്രാലങ്കാരത്തിനും പുരസ്‌കാരമുണ്ട്. സ്‌പെഷ്യല്‍ ഇഫക്ടിനുള്ള പുരസ്‌കാരം മരക്കാറിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ സ്വന്തമാക്കി.

മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തിനാണ്. മണികര്‍ണിക, പങ്ക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്‌കാരം സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതി സ്വന്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Manju Warrier congratulates actor Dhanush