കഥാപാത്രങ്ങള്‍ക്കനുസരിച്ച് താന്‍ സംഭാഷണം മാറ്റാറുണ്ടെന്ന് പറയുകയാണ് മഞ്ജു പിള്ള. സാധാരണ വീട്ടമ്മയുടെ വേഷമാണെങ്കില്‍ സാധരണ ഭാഷയാണ് സംസാരിക്കുകയെന്നും അവിടെ അച്ചടി ഭാഷ ഉപയോഗിച്ചാല്‍ ശരിയാകില്ലെന്നും മഞ്ജുപിള്ള പറയുന്നു. അങ്ങനെ താന്‍ ഭാഷയും സംസാരിക്കുന്നതിന്റെ വേരിയേഷനുമൊക്കെ മാറ്റാറുണ്ടെന്നും തന്റേതായ സംഭാവനകള്‍ താന്‍ സിനിമയില്‍ കൊടുക്കാറുണ്ടെന്നും അവര്‍ പറയുന്നു.
ഫാലിമി എന്ന ചിത്രത്തില്‍ കൂടുതല്‍ കാര്യങ്ങളും എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും കോട്രിബ്യൂഷന്‍സാണെന്നും ഇംപ്രൊവൈസ്ഡായ കാര്യങ്ങളാണ് ആ സിനിമയില്‍ അധികവും ഉള്ളതെന്നും മഞ്ജുപിള്ള കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ പാക്കിന്റെ മണം സഹിക്കാതെ വന്ന് താന്‍ ബസില്‍ നിന്നിറങ്ങുമ്പോള്‍ ജഗദീഷിനെ നോക്കി പറയുന്ന ഡയലോഗിന്റെ ശൈലി അങ്ങനെയായിരുന്നില്ലെന്നും പിന്നീട് വീണ്ടും എടുത്തപ്പോഴാണ് ഡയലോഗ് അങ്ങനെ കിട്ടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മഞ്ജുപിള്ള.
‘ഹോമിലെ വീട്ടമ്മ ആയിരിക്കില്ല, ഒരു കലക്ടറുടെ വേഷം ചെയ്താല്‍. അവരുടെ ഭാഷ മാറും. അപ്പോള്‍ നമ്മള്‍ സാധരണ വീട്ടമ്മയായി നില്‍ക്കുമ്പോള്‍ സാധാരണ ഭാഷയെ ഉപയോഗിക്കുകയുള്ളു. അച്ചടി ഭാഷ ഉപയോഗിച്ചാല്‍ ശരിയാകില്ല. നമ്മള്‍ അവിടെ ചെന്നിട്ട് ‘നീ എപ്പോള്‍ ഇവിടെ വന്നു’ എന്ന് ചോദിക്കുന്നതിന് പകരം ‘ഹാ..എപ്പോളാടാ, വന്നേ’ അങ്ങനെയാണ് ചോദിക്കുക. അത് രണ്ടും രണ്ടാണ്. അങ്ങനെ ഞാന്‍ മാറ്റാറുണ്ട്. നമ്മുടെ സംഭാവനകള്‍ സിനിമയില്‍ വരുന്നത്, അടുത്തുനില്‍ക്കുന്ന ആര്‍ട്ടിസ്റ്റിന്റെ കയ്യില്‍ നിന്നും നമുടെ കയ്യില്‍ നിന്നും, ഡയറക്ടറുടെ അടുത്തുനിന്നും അങ്ങനെ എല്ലാവരും കൂടെ ചേരുമ്പോഴാണ്.
ഫാലിമി അങ്ങനെ ചെയ്ത ഒരു സിനിമ ആയിരുന്നു. അതിനകത്ത് പൂര്‍ണമായും ആര്‍ട്ടിസ്റ്റുകള്‍ എല്ലാവരും കൂടെ കോട്രിബ്യൂട്ട് ചെയ്ത കാര്യങ്ങളാണ് കൂടുതലും ഉള്ളത്. ഇംപ്രൊവൈസ്ഡ് ആയിട്ടുള്ള കാര്യങ്ങളാണ് കൂടുതലും ഉള്ളത്. സംവിധായകന്‍ പങ്ക് എന്തായലും ഉണ്ട്. അദ്ദേഹം ഇല്ലെന്നല്ല. സംവിധായകന്‍ പറയുന്ന കാര്യങ്ങള്‍ പല രീതിയില്‍ ചെയ്യുക എന്നതാണ്.
ഫാലിമിയില്‍ പാക്കിന്റെ മണം കാരണം വൊമിറ്റ് ചെയ്യാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി കഴിഞ്ഞ്, ഞാനിപ്പോള്‍ ചത്തുപോയേനെ എന്ന് പറഞ്ഞ് നോക്കുമ്പോള്‍ ജഗദീഷേട്ടന്‍ പാക്ക് വായിലിട്ട് ചവക്കുവായിരിക്കും. അപ്പോള്‍ ഞാന്‍ പറയുന്നുണ്ട്, ‘എന്ത് കിട്ടിയാലും വലിച്ച് കേറ്റിക്കോളണം’ എന്ന്. ആ ഡയലോഗ് അങ്ങനെയൊരു വേരിയേഷനില്‍ ആയിരുന്നില്ല പറയുന്നത്. രണ്ടും മൂന്ന് തവണ ചെയതപ്പോഴാണ് ആ രീതിയില്‍ കിട്ടുന്നത്,’ മഞ്ജു പിള്ള പറയുന്നു.
Content Highlight: Manju Pillai says she changes her dialogues according to her characters