മഞ്ചേശ്വരത്ത് ജയിക്കുമെന്നുറപ്പില്ലാത്തതിനാലാണ് കെ.സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കാത്തതെന്ന് കുഞ്ഞാലിക്കുട്ടി
kERALA NEWS
മഞ്ചേശ്വരത്ത് ജയിക്കുമെന്നുറപ്പില്ലാത്തതിനാലാണ് കെ.സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കാത്തതെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂസ് ഡെസ്‌ക്
Monday, 29th October 2018, 8:24 pm

കാസര്‍ഗോഡ്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയിലെ കേസ് പിന്‍വലിക്കാത്തത് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ വിജയിക്കുമെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണെന്ന് കുഞ്ഞാലിക്കുട്ടി എം.പി. കേസിന്റെ കാര്യത്തില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടുകള്‍ നടന്നുവെന്ന് ആരോപിച്ച് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


Read Also : Fact Check : സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനില്‍ നിന്ന് പുറത്താക്കിയെന്ന് സംഘപരിവാര്‍ പ്രചരണം; സ്വമേധയ പുറത്തുപോയതാണെന്ന് ചിന്മയ മിഷന്റെ പരസ്യം


 

മഞ്ചേശ്വരം എം.എല്‍.എയായിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസുമായി മുന്നോട്ടുപോകുമെന്ന് കെ. സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.

ജനപക്ഷത്തുനിന്നുകൊണ്ട്   അവരുടെ നിലപാട് മാറ്റണമെന്നും ജനതാല്‍പര്യം മാനിച്ചുകൊണ്ട് ആ കേസ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മനപ്പൂര്‍വ്വം സാക്ഷികളെ കോടതിയില്‍ ഹാജരാക്കാതിരിക്കാനുള്ള നീക്കം അവസാനിപ്പിക്കണം. അവരെ ബലം പ്രയോഗിച്ച് തടഞ്ഞുവെച്ചിരിക്കുകയാണ്. കോടതിയുടെ ശക്തമായ നിര്‍ദേശമുണ്ടായിട്ടും പൊലീസ് സാക്ഷികളെ കണ്ടെത്താന്‍ സഹായിച്ചില്ല. സാക്ഷികളെ തടയാന്‍ യു.ഡി.എഫിനെ സഹായിക്കുന്ന നടപടിയാണ് എല്‍.ഡി.എഫ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചത്.

67 സാക്ഷികളാണ് ഹാജരാവാനുള്ളത്. 67 സാക്ഷികളെ ഒരാഴ്ചകൊണ്ട് ഹാജരാക്കാനാവും. അവര്‍ ഹാജരായാല്‍ എളുപ്പത്തില്‍ ഈ കേസ് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ച പശ്ചാത്തലത്തില്‍ ഹര്‍ജി തുടരേണ്ട സാഹചര്യമുണ്ടോയെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി കെ. സുരേന്ദ്രനോട് ആരാഞ്ഞിരുന്നു. വിഷയത്തില്‍ രണ്ടുദിവസത്തിനകം മറുപടി അറിയിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള നടപടികളില്‍ നിര്‍ണായകമാണ് ഹൈക്കോടതിക്ക് മുമ്പിലുള്ള ഹര്‍ജി. ഹര്‍ജിയില്‍ നിന്നും സുരേന്ദ്രന്‍ പിന്മാറിയിരുന്നെങ്കില്‍ ആറുമാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുങ്ങുമായിരുന്നു.