മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്
Kerala
മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th October 2025, 3:48 pm

കൊച്ചി: മഞ്ചേശ്വരം കോഴക്കേസില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സുരേന്ദ്രനെതിരായ കുറ്റപത്രം തള്ളിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. ഒക്ടോബര്‍ 30ന് ഹരജി വീണ്ടും പരിഗണിക്കും.

മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന കേസിലാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. 2021ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായ കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച്, ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചു എന്നതായിരുന്നു കേസ്.

പത്രിക പിന്‍വലിക്കുന്നതിന് കോഴയായി 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നുമായിരുന്നു കുറ്റപത്രം. ബി.ജെ.പി സംസ്ഥാന സമിതി അംഗം വി. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ. മണികണ്ഠ റായ്, വൈ. സുരേഷ്, ലോകേഷ് നോഡ എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍.

പട്ടികജാതി/പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം, തെരഞ്ഞെടുപ്പ് കൈക്കൂലി, തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി.വി. രമേശനാണ് പരാതി നല്‍കിയത്.

എന്നാല്‍ മഞ്ചേശ്വരം കോഴക്കേസില്‍ കാസര്‍ഗോഡ് സെഷന്‍ കോടതി കെ. സുരേന്ദ്രനെ വെറുതെ വിടുകയാണ് ചെയ്തത്. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും പിന്നാലെ കെ. സുരേന്ദ്രനെ വെറുതെ വിട്ട നടപടി കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

Content Highlight: Manjeswaram bribery case; High Court notice to K. Surendran