ഞാനും സുരേഷ് ഗോപിയും നോക്കുമ്പോള്‍ അദ്ദേഹം കരഞ്ഞ് കണ്ണ് തുടക്കുന്നതാണ് കണ്ടത്: മണിയന്‍പിള്ള രാജു
Entertainment
ഞാനും സുരേഷ് ഗോപിയും നോക്കുമ്പോള്‍ അദ്ദേഹം കരഞ്ഞ് കണ്ണ് തുടക്കുന്നതാണ് കണ്ടത്: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd May 2025, 3:36 pm

നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് മണിയന്‍പിള്ള രാജു. 1976ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കാനും 13 സിനിമകള്‍ നിര്‍മിക്കാനും നടന് സാധിച്ചു. 1981ലാണ് മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിലൂടെ അദ്ദേഹത്തിന്റെ പേര് മണിയന്‍പിള്ള രാജു എന്നായി മാറുന്നത്.

അദ്ദേഹം സുരേഷ് ഗോപിയോടൊപ്പം അഭിനയിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ലേലം. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ സുഹൃത്തായ ഉമ്മച്ചനായിട്ടാണ് മണിയന്‍പിള്ള രാജു അഭിനയിച്ചത്. ഒപ്പം സിദ്ദിഖും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

സിനിമയില്‍ ഫ്‌ളേഷ് ബാക്ക് പറയുന്ന സീനില്‍ സുരേഷ് ഗോപി സിദ്ദിഖിനെയും മണിയന്‍പിള്ള രാജുവിനെയും കെട്ടിപ്പിടിക്കുന്ന ഒരു ഇമോഷണല്‍ സീന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ സീന്‍ ചെയ്യുമ്പോള്‍ സംവിധായകന്‍ ജോഷി എന്താണ് പറഞ്ഞതെന്ന് പറയുകയാണ് മണിയന്‍പിള്ള രാജു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലേലം സിനിമയില്‍ സുരേഷ് ഗോപി എന്നെയും സിദ്ദിഖിനെയും കെട്ടിപിടിക്കുന്ന ഒരു സീനുണ്ട്. അത് ചെയ്ത ശേഷം സീന്‍ നന്നായോ എന്ന് അറിയാന്‍ വേണ്ടി ഞാനും സുരേഷ് ഗോപിയും പതുക്കെ ക്യാമറയുടെ അടുത്തുള്ള ജോഷി സാറിനെ നോക്കി.

അദ്ദേഹം കരഞ്ഞിട്ട് കണ്ണുതുടച്ച് കൊണ്ട് ‘സീന്‍ നന്നായെടാ. കലക്കി, നന്നായി ചെയ്തു’ എന്ന് പറഞ്ഞു. അത് കേട്ടതോടെ ഞങ്ങള്‍ക്ക് സംതൃപ്തിയായി. കാരണം ഡയറക്ടറുടെ കണ്ണ് പോലും നിറഞ്ഞു. ജോഷി സാറിനെ കുറിച്ച് പറയുമ്പോള്‍, അദ്ദേഹം വളരെ ഇന്‍വോള്‍വ്ഡായ സിനിമ ചെയ്യുന്ന ആളാണ്,’ മണിയന്‍പിള്ള രാജു പറയുന്നു.

ലേലം:

രഞ്ജി പണിക്കരുടെ രചനയില്‍ ജോഷി സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലേലം. സുരേഷ് ഗോപി നായകനായി എത്തിയ ഈ സിനിമയില്‍ എം.ജി. സോമന്‍, എന്‍.എഫ്. വര്‍ഗീസ്, നന്ദിനി, സിദ്ദിഖ്, മണിയന്‍പിള്ള രാജു, വിജയകുമാര്‍, സ്ഫടികം ജോര്‍ജ്, കവിയൂര്‍ രേണുക തുടങ്ങി വന്‍ താരനിര തന്നെയായിരുന്നു ഒന്നിച്ചത്.

എം.ജി. സോമന്റെ അവസാന ചിത്രമായിരുന്നു ലേലം. ഈ ചിത്രത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിട്ടാണ് അറിയപ്പെടുന്നത്. സുരേഷ് ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.


Content Highlight: Maniyanpilla Raju Talks About Suresh Gopi’s Lelam Movie