ഛോട്ടാ മുംബൈ; ആകെയുള്ളത് രണ്ട് സീനുകള്‍, ആ നടനത് മികച്ചതാക്കി: മണിയന്‍പിള്ള രാജു
Entertainment
ഛോട്ടാ മുംബൈ; ആകെയുള്ളത് രണ്ട് സീനുകള്‍, ആ നടനത് മികച്ചതാക്കി: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th June 2025, 12:45 pm

നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് മണിയന്‍പിള്ള രാജു. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കാനും 13 സിനിമകള്‍ നിര്‍മിക്കാനും അദ്ദേഹത്തിന് സാധിച്ചു.

ഇപ്പോള്‍ സിനിമാറ്റിക് കളക്ടീവ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ഛോട്ടാ മുംബൈ എന്ന സിനിമയിലെ അഭിനേതാക്കളെ കുറിച്ച് പറയുകയാണ് മണിയന്‍പിള്ള രാജു. കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, സുരാജ് വെഞ്ഞാറമൂട്, മണികുട്ടന്‍, സിദ്ദിഖ് എന്നിവരെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

ഛോട്ടാ മുംബൈയില്‍ അഭിനയിച്ചവരെ നോക്കുമ്പോള്‍ കലാഭവന്‍ മണിയും കൊച്ചിന്‍ ഹനീഫയുമൊന്നും ഇപ്പോള്‍ നമ്മളുടെ കൂടെയില്ല. പിന്നെ ആ സിനിമയില്‍ അഭിനയിച്ച ഒരാളാണ് സുരാജ് വെഞ്ഞാറമൂട്.

അവന്‍ അന്ന് ഓരോ കഥാപാത്രങ്ങളിലൂടെ കയറി വരുന്ന സമയമായിരുന്നു. സുനിയെന്ന കഥാപാത്രമായിട്ടായിരുന്നു അവന്‍ ഛോട്ടാ മുംബൈയില്‍ അഭിനയിച്ചത്. അവന് രണ്ട് സീനുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ നന്നായിട്ട് തന്നെ ചെയ്തു. മികച്ച രീതിയില്‍ അഭിനയിച്ചു.

സിനിമയുടെ അവസാനം ക്ലൈമാക്‌സില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ഒരു ക്യാരക്ടര്‍ ഷിഫ്റ്റ് കൊടുത്തിരുന്നു. അതുപോലെ സിനിമയില്‍ മണികുട്ടനും സിദ്ദിഖും അഭിനയിച്ചിരുന്നു. അന്ന് മണികുട്ടനൊക്കെ ആ സിനിമ ശരിക്കും ഒരു ബ്രേക്ക് തന്നെയായിരുന്നു,’ മണിയന്‍പിള്ള രാജു പറഞ്ഞു.

ഛോട്ടാ മുംബൈ:

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഛോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായ ഈ ചിത്രം അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ എത്തുന്ന രണ്ടാമത്തെ സിനിമയായിരുന്നു.

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഛോട്ടാ മുംബൈ നിര്‍മിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു. മോഹന്‍ലാലിന് പുറമെ ഭാവന, സായ് കുമാര്‍, സിദ്ദിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, രാജന്‍ പി. ദേവ്, മണികുട്ടന്‍, കൊച്ചിന്‍ ഹനീഫ  തുടങ്ങി വലിയ താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.


Content Highlight: Maniyanpilla Raju Talks About Suraj Venjaramoodu And Chotta Mumbai