ഛോട്ടാ മുംബൈ; മറ്റാര് ചെയ്താലും ഭംഗിയാവാത്ത റോളിലേക്ക് ആ നടനെ കണ്‍വീന്‍സ് ചെയ്ത് കൊണ്ടുവന്നു: മണിയന്‍പിള്ള രാജു
Entertainment
ഛോട്ടാ മുംബൈ; മറ്റാര് ചെയ്താലും ഭംഗിയാവാത്ത റോളിലേക്ക് ആ നടനെ കണ്‍വീന്‍സ് ചെയ്ത് കൊണ്ടുവന്നു: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th June 2025, 8:10 am

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഛോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായ ഈ ചിത്രം അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ എത്തുന്ന രണ്ടാമത്തെ സിനിമയായിരുന്നു.

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഛോട്ടാ മുംബൈ നിര്‍മിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു. മോഹന്‍ലാലിന് പുറമെ സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, ഭാവന തുടങ്ങി വലിയ താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.

ഒപ്പം രാജന്‍ പി. ദേവും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. പാമ്പ് ചാക്കോ എന്ന കഥാപാത്രമായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ഇപ്പോള്‍ സിനിമാറ്റിക് കളക്ടീവ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജന്‍ പി. ദേവിനെ കുറിച്ച് പറയുകയാണ് മണിയന്‍പിള്ള രാജു.

‘ആ സമയത്ത് അദ്ദേഹത്തിന് കണ്ണിന് കാഴ്ച കുറവ് ഉണ്ടായിരുന്നു. അതുകൊണ്ട് വെള്ള കര്‍ച്ചീഫ് വീശി കാണിച്ചിട്ടാണ് ഷൂട്ട് ചെയ്തത്. ഇവിടെയാണ് ആള് നില്‍ക്കുന്നതെന്ന് പറഞ്ഞു കൊടുക്കാനായിരുന്നു അത്.

അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ഇടാന്‍ ഒരു കൂളിങ് ഗ്ലാസ് കൊടുത്തത്. ആളുടെ ലുക്ക് എങ്ങോട്ടാണെന്ന് അറിയാതിരിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. എനിക്ക് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല.

കാരണം രാജന്‍ പി. ദേവ് എന്ന ആള്‍ അസാധ്യ ആക്ടറാണ്. പിന്നെ അദ്ദേഹത്തിന്റെ ആ റോള്‍ നോക്കിയാല്‍ ഒരു കാര്യം നമുക്ക് മനസിലാകും. വേറെ ആര് ചെയ്താലും അത് ഇത്രയും ഭംഗിയാവില്ല. അത് അറിയാവുന്നത് കൊണ്ടായിരുന്നു എന്തൊക്കെ വന്നാലും അദ്ദേഹം ഈ കഥാപാത്രമായി വരണമെന്ന് ഞങ്ങള്‍ക്ക് തോന്നിയത്.

അതിനുവേണ്ടി അദ്ദേഹത്തെ കണ്‍വീന്‍സ് ചെയ്യുകയായിരുന്നു. ആ കഥാപാത്രത്തിന്റെ ഡബ്ബിങ്ങിനെ കുറിച്ച് ചോദിച്ചാല്‍, അത് എന്തോ ഭാഗ്യം കൊണ്ട് ഒത്തുവന്നതാണ്. അദ്ദേഹത്തിന് ഒരു മീറ്ററുണ്ടല്ലോ. അത് ആദ്യമേ തന്നെ അറിയാമായിരുന്നു,’ മണിയന്‍പിള്ള രാജു പറയുന്നു.


Content Highlight: Maniyanpilla Raju Talks About Rajan P Dev And Chotta Mumbai Movie