മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കാനും 13 സിനിമകള്‍ നിര്‍മിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ താന്‍ കാരണം നന്ദനം എന്ന സിനിമയിലേക്ക് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് മണിയന്‍പിള്ള രാജു. അതിന്റെ സ്നേഹം മല്ലിക സുകുമാരന് ഉള്ളത് പോലെ പൃഥ്വിരാജ് സുകുമാരനുമുണ്ടെന്നും അദ്ദേഹം പറയുന്നു.
‘ഒരിക്കല്‍ സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നിന്ന് എന്നെ വിളിച്ചു. ‘ഞാന്‍ ഒരു പുതിയ പടം ചെയ്യുന്നുണ്ട്. അതിലേക്ക് കാണാന്‍ കൊള്ളാവുന്ന ഒരു പയ്യനെ വേണം’ എന്ന് പറഞ്ഞു. ഞാന്‍ അന്ന് ഉച്ചക്ക് വുമണ്‍സ് കോളേജിന്റെ അടുത്തുള്ള ഹെയര്‍ കട്ടിങ് സലൂണില്‍ പോയി.
അവിടെ ചെന്നതും മല്ലികയുടെയും സുകുമാരന്റെയും മകനെ കണ്ടു. എന്തു സുന്ദരനാണെന്നോ. ഞാന്‍ അവനെ ചെറുപ്പത്തില്‍ എടുത്ത് കൊണ്ട് നടന്നതാണ്. അവന്‍ അന്ന് ഒരുപാട് സുന്ദരനായിരുന്നു. പഠിച്ചു കൊണ്ടിരിക്കുകയാണ്, എന്തോ പരീക്ഷ കഴിഞ്ഞ് വന്നതാണെന്ന് പറഞ്ഞു.
ഞാന്‍ മല്ലികയോട് ഇങ്ങനെയൊരു സംഭവം ഉണ്ടെന്ന് അറിയിച്ചു. അവരാണ് അമ്മ, പിറ്റേന്ന് രാവിലെ തന്നെ അവനെ അയച്ചു. പൃഥ്വി അവിടെ ചെന്ന ശേഷം രഞ്ജിത്ത് എന്നെ വിളിച്ചു. ഇതിനപ്പുറം ഒരു സെലക്ഷന്‍ ഇല്ലെന്ന് പറഞ്ഞു.
അങ്ങനെയാണ് അവന്‍ നന്ദനത്തില്‍ ഹീറോയാകുന്നത്. ആ സ്നേഹം മല്ലികക്ക് ഉള്ളത് പോലെ പൃഥ്വിരാജിനുമുണ്ട്. ഏതോ ഒരു ചാനലില്‍ അവന്‍ മലയാള സിനിമയില്‍ എന്നോട് സംസാരിക്കാനും ഉപദേശിക്കാനും രാജുവേട്ടനല്ലാതെ മറ്റൊരാള്‍ക്ക് അവകാശമില്ല എന്ന് പറഞ്ഞിട്ടുണ്ട്,’ മണിയന്‍പിള്ള രാജു പറയുന്നു.
2002ല്‍ രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു നന്ദനം. ഈ സിനിമയിലൂടെ ആയിരുന്നു പൃഥ്വിരാജ് സുകുമാരന്‍ തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്.
പൃഥ്വിരാജിനൊപ്പം നവ്യ നായര്‍, കവിയൂര്‍ പൊന്നമ്മ, രേവതി, സിദ്ദിഖ് തുടങ്ങിയ മികച്ച താരങ്ങള്‍ ഒന്നിച്ചിരുന്നു. ചിത്രം നാല് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും രണ്ട് ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടിയിരുന്നു.
Content Highlight: Maniyanpilla Raju Talks About Nandhanam Movie