എന്നെ അത്ഭുതപ്പെടുത്തിയ നടി; ആ ഒന്നൊര പേജ് ഡയലോഗ് പുല്ലുപോലെ പറഞ്ഞ് അഭിനയിച്ചു: മണിയന്‍പിള്ള രാജു
Entertainment
എന്നെ അത്ഭുതപ്പെടുത്തിയ നടി; ആ ഒന്നൊര പേജ് ഡയലോഗ് പുല്ലുപോലെ പറഞ്ഞ് അഭിനയിച്ചു: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 2:51 pm

കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്ത വ്യക്തിയാണ് മണിയന്‍പിള്ള രാജു. 1976ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.

1981ല്‍ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് സുധീര്‍ കുമാര്‍ എന്ന നടന്‍ മണിയന്‍പിള്ള രാജുവായി മാറുന്നത്. ഇപ്പോഴും നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം.

തന്നെ ഏറെ അത്ഭുതപ്പെടുത്തിയ അഭിനേത്രിയെ കുറിച്ച് പറയുകയാണ് മണിയന്‍പിള്ള രാജു. ഡയലോഗുകള്‍ കാണാതെ പഠിക്കുന്നതില്‍ ജയഭാരതി തന്നെ അത്ഭുതപ്പെടുത്തി എന്നാണ് അദ്ദേഹം പറയുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എന്നെ അത്ഭുതപ്പെടുത്തിയ നടി ജയഭാരതിയാണ്. അവര്‍ ഒരു ദിവസം മൂന്ന് പടങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു. രാവിലെ എട്ട് മുതല്‍ ഒരു മണിവരെ ഒരു സിനിമയില്‍ അഭിനയിക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് മണിവരെ രണ്ടാമത്തെ സിനിമ. വൈകുന്നേരം ആറ് മുതല്‍ 12 മണിവരെ മൂന്നാമത്തെ സിനിമ ചെയ്യും.

ഒരു സിനിമക്ക് പത്തോ പന്ത്രണ്ടോ ദിവസമാകും മൊത്തത്തില്‍ എടുക്കുക. ഒരിക്കല്‍ ഞാന്‍ മേക്കപ്പ് റൂമിന്റെ അടുത്ത് ഇരിക്കുമ്പോള്‍ ജയഭാരതി അവിടേക്ക് വന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ഈ സമയത്ത് അവിടേക്ക് അവരുടെ ഡയലോഗുമായി വന്നു.

ജയഭാരതി മലയാളം വായിക്കാന്‍ അറിയാത്തത് കൊണ്ട് അയാളോട് അത് വായിക്കാന്‍ പറഞ്ഞു. അവര് തമിഴ് ആണല്ലോ. മേക്കപ്പ് ചെയ്യുന്നതിന്റെ ഇടയിലാണ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡയലോഗുകള്‍ വായിച്ചു കേള്‍പ്പിക്കുന്നത്. ഒരേ സമയത്ത് ഡയലോഗ് പറയുന്നതും കേള്‍ക്കുന്നു, മേക്കപ്പ് ഇടുകയും ചെയ്യുന്നു.

അന്ന് ഞാന്‍ വിചാരിച്ചത് അവര്‍ എന്തൊരു കെയര്‍ലെസാണ് എന്നായിരുന്നു. ആക്ടിങ്ങിനോട് പാഷനില്ലേയെന്നും ചിന്തിച്ചു. അത് കഴിഞ്ഞ് റിഹേഴ്‌സണ്‍ വേണ്ടേയെന്ന് സംവിധായകന്‍ ചോദിച്ചപ്പോള്‍ സമയമില്ല എന്നായിരുന്നു അവരുടെ മറുപടി.

നേരെ ടേക്ക് പോകാമെന്ന് ജയഭാരതി പറഞ്ഞു. ആക്ഷന്‍ പറഞ്ഞതും അവര്‍ അഭിനയിച്ചു തുടങ്ങി. അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു കൊടുത്ത ആ ഒന്നൊര പേജ് ഡയലോഗ് പുല്ലുപോലെ പറഞ്ഞ് അഭിനയിച്ചു. അതും കരയേണ്ടയിടത്ത് കരയുകയും മറ്റ് ഇമോഷന്‍സ് കാണിക്കുകയും ചെയ്തു,’ മണിയന്‍പിള്ള രാജു പറയുന്നു.


Content Highlight: Maniyanpilla Raju Talks About Jayabharathi