നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് മണിയൻപിള്ള രാജു. നിർമാതാവായും അഭിനേതാവായും അദ്ദേഹം ഇന്നും സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിന് ശേഷമാണ് സുധീർ കുമാർ എന്ന തന്റെ യഥാർത്ഥ നാമം മാറ്റി മണിയൻപിള്ള രാജു എന്ന പേര് അദ്ദേഹം സ്വീകരിക്കുന്നത്.
മലയാള സിനിമയിലെ ഒരുകാലത്തെ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് കൂടിയായിരുന്നു അദ്ദേഹം. ഇപ്പോൾ നടനായ താൻ എങ്ങനെ നിർമാതാവായി എന്ന് പറയുകയാണ് മണിയൻപിള്ള രാജു. ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയിലെത്തിയപ്പോൾ പ്രിയദർശൻ അടക്കമുള്ളവരുമായി നല്ല സൗഹൃദത്തിലായി. പ്രിയൻ, ശ്രീനിവാസൻ, ശങ്കർ അങ്ങനെ ഒത്തിരിപ്പേർ. ഒരിക്കൽ നമുക്ക് എല്ലാവർക്കും കൂടി ഒരു സിനിമയെടുക്കാമെന്ന സംസാരം വന്നു. എല്ലാവരും കൂടി 25000 രൂപവെച്ച് ഇട്ടു. ‘ഹലോ മൈ ഡിയർ റോങ് നമ്പർ’ ആയിരുന്നു ആ സിനിമ.
സിനിമ ചെയ്യാൻ രണ്ടര ലക്ഷം രൂപയായി. അവിടെ നിന്ന് ഒരു സിനിമ എങ്ങനെയെടുക്കാമെന്നും പ്രൊഡക്ഷനെപ്പറ്റിയും ഞാൻ പഠിച്ചു. ഇതുവരെ 13 സിനിമകൾ നിർമിച്ചു. അടുത്തത് മോഹൻലാലിനെ വെച്ചൊരു സിനിമയാണ്. അതിന്റെ ചർച്ചകൾ നടക്കുന്നു,’ മണിയൻപിള്ള രാജു പറഞ്ഞു.
ഹലോ മൈ ഡിയർ റോങ് നമ്പർ
പ്രിയദർശന്റെ കഥയിൽ നിന്ന് ശ്രീനിവാസൻ തിരക്കഥ എഴുതി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് ഹാലോ മൈ ഡിയർ റോങ് നമ്പർ. കോമഡി ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. മോഹൻലാലിന് പുറമെ മണിയൻപിള്ള രാജു, ജഗതി ശ്രീകുമാർ, ലിസി, മേനക എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനവേഷത്തിൽ എത്തിയിരുന്നു. 1986ലായിരുന്നു ഹലോ മൈ ഡിയർ റോങ് നമ്പർ തിയേറ്ററുകളിലെത്തിയത്.