മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായി മാറി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. ചിത്രം 4K സാങ്കേതിക വിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തുകയാണ്.
ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നിര്‍മാതാവും നടനുമായ മണിയന്‍പിള്ള രാജു. ചിത്രത്തിന്റെ ഷൂട്ടെല്ലാം കഴിഞ്ഞ് സെന്‍സറിങ്ങിന് പോയപ്പോള്‍ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ലെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. ക്ലൈമാക്‌സില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്ന സീന്‍ കാരണമാണ് പ്രദര്‍ശനാനുമതി കിട്ടാത്തതെന്നും അത് ഒരു പ്രത്യേക മതവിഭാഗം ചിലപ്പോള്‍ പ്രശ്‌നമുണ്ടാക്കുമെന്ന് അവര്‍ പറഞ്ഞെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.
റിലീസിന് കുറച്ച് ദിവസം മാത്രമേ ബാക്കിയുള്ളൂവെന്നും ആ സീനില്ലാതെ സിനിമ പൂര്‍ത്തിയാകില്ലെന്നും പറഞ്ഞ് താന്‍ സെന്‍സര്‍ ഓഫീസറെ മനസിലാക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറയുന്നു. ഒടുവില്‍ മട്ടാഞ്ചേരിയിലെ സി.ഐയെ വിളിച്ച് ചോദിച്ച് ഈ ചടങ്ങിനെക്കുറിച്ച് അറിഞ്ഞെന്നും തന്റെ ഉറപ്പിന്മേല്‍ ആ സീന്‍ നീക്കം ചെയ്യാതെ പ്രദര്‍ശനാനുമതി നേടിയെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.
‘ലക്ഷങ്ങള്‍ ചെലവാക്കിയാണ് ആ പാപ്പാഞ്ഞിയെ ഉണ്ടാക്കിയത്. കാരണം, ക്ലൈമാക്‌സില്‍ അതിന്റെ മുകളില്‍ ലാല്‍ കയറുന്നുണ്ട്. അതുകൊണ്ട് ഈ സാധനം നല്ല സ്‌ട്രോങ്ങായിട്ട് നില്‍ക്കണം. പക്ഷേ, ഏറ്റവും വലിയ പ്രശ്‌നം നേരിട്ടത് സെന്‍സര്‍ ചെയ്യാന്‍ പോയപ്പോഴായിരുന്നു. പാപ്പാഞ്ഞിയെ കത്തിക്കുന്ന സീന്‍ വെച്ചാല്‍ ഒരു പ്രത്യേക മതവിഭാഗം വന്ന് പ്രശ്‌നമുണ്ടാക്കുമെന്ന് അവര്‍ പറഞ്ഞു.
‘നിങ്ങള്‍ ചെയ്തത് തെറ്റല്ലേ, ഇങ്ങനെയൊരു സീന്‍ ചെയ്യാമോ’ എന്ന് അവിടെ ഉണ്ടായിരുന്ന ഓഫീസര്‍ ചോദിച്ചു. ‘ഞങ്ങള്‍ ദൈവത്തിനെയല്ല കത്തിക്കുന്നത്. ഇത് ഫോര്‍ട്ട് കൊച്ചിയില്‍ എല്ലാ കൊല്ലവും നടക്കുന്ന ചടങ്ങാണ്. ലോകത്ത് എല്ലായിടത്തും ഇത് നടക്കാറുണ്ട്’ എന്നൊക്കെ പറഞ്ഞിട്ടും ആ ഓഫീസര്‍ക്ക് വിശ്വാസം വന്നില്ല. ആ സീന്‍ മാറ്റാതെ സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. ആ സീന്‍ മാറ്റിയാല്‍ സിനിമക്ക് ഒരു പൂര്‍ണതയുണ്ടാകില്ല. റിലീസിന് ആകെ കുറച്ച് ദിവസം മാത്രമേ ഉള്ളൂവെന്ന് പുള്ളിയോട് പറഞ്ഞു.
അദ്ദേഹം പിന്നീട് മട്ടാഞ്ചേരി സി.ഐയെ വിളിച്ച് അന്വേഷിച്ചു. ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പുള്ളി ഓക്കെയായി. പക്ഷേ, എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന് ഞാനാണ് ഉത്തരവാദിയെന്ന് പറഞ്ഞ് എഴുതിക്കൊടുത്ത ശേഷമാണ് പടത്തിന് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju shares the problems about Chotta Mumbai movie release raised by censor board