പിച്ചക്കാര് കഴിക്കുന്നതുപോലെ അവര്‍ സെറ്റില്‍ മാറി ഇരിക്കുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നുമായിരുന്നു: മണിയന്‍പിള്ള രാജു
Entertainment
പിച്ചക്കാര് കഴിക്കുന്നതുപോലെ അവര്‍ സെറ്റില്‍ മാറി ഇരിക്കുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നുമായിരുന്നു: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 9:06 am

 

 

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു. 1976ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കാനും 13 സിനിമകള്‍ നിര്‍മിക്കാനും നടന് സാധിച്ചിട്ടുണ്ട്. തന്റെ പ്രൊഡക്ഷന്‍ വിഭാഗത്തിലുള്ള എല്ലാവര്‍ക്കും ഒരുപോലെ ഭക്ഷണം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം.

പണ്ട് കാലഘത്തില്‍ സിനിമ സെറ്റുകളില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വലിയ രീതിയില്‍ വേര്‍തിരിവുകള്‍ ഉണ്ടായിരുന്നുവെന്ന് മണിയന്‍പിള്ള രാജു പറയുന്നു. വലിയ നായകന്മാര്‍ക്ക് ചിക്കന്‍ ഫ്രൈ പോലുള്ള ആഹാരവും തന്നെ പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് മറ്റെന്തെങ്കിലും കറികളായിരിക്കുമെന്നും അദ്ദേഹം പറയുന്നു. തനിക്ക് ഏറ്റവും സങ്കടം തോന്നിയിരുന്നത് ലൈറ്റ് ബോയ്‌സിന്റെ കാര്യത്തിലാണെന്നും അവര്‍ മാറിയിരുന്നു ഒരു പിച്ചക്കാരെ പോലെ കഴിക്കുന്നത് കാണുമ്പോള്‍ വിഷമമാകാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നെങ്കിലും സിനിമ ചെയ്യുകയാണെങ്കില്‍ സെറ്റിലുള്ളവര്‍ക്കെല്ലാം ഒരുപോലെ ഭക്ഷണം കൊടുക്കുമെന്ന് താന്‍ അന്ന് തീരുമാനിച്ചതാണെന്നും ആഹാരത്തിന്റെ കാര്യത്തില്‍ താന്‍ പൈസ നോക്കാറില്ലെന്നും മണിയന്‍പിള്ള രാജു പറയുന്നു. രേഖാ മേനോന്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനൊക്കെ സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് ഫുഡിന്റെ കാര്യത്തില്‍ ഡിസ്‌ക്രിമിനേഷന്‍ ഉണ്ടായിരുന്നു. ഹീറോസിന് മാത്രം ചിക്കന്‍ ഫ്രൈയും മറ്റുമൊക്കെ ഉണ്ടാകും. അതിന്റ താഴെ ഉള്ള നമ്മളെ പോലുള്ളവര്‍ക്ക് എന്തെങ്കിലും ഒരു കറിയായിരിക്കും. എനിക്ക് ഏറ്റവും സങ്കടം യൂണിറ്റ് ബോയ്‌സിന്റെ കാര്യത്തിലാണ്. അവര്‍ക്കൊക്കെ ഇലയില്‍ ഒന്നില്‍ തൈര് സാദവും, ഒന്നില്‍ സാമ്പാര് സാദവും ഉണ്ടാകും.

അല്ലെങ്കില്‍ പുളിയോതരയോ, ടൊമാറ്റോ റൈസോ ആയിരിക്കും. ഇവരിത് കഴിക്കുന്നത് കാണുമ്പോള്‍ സങ്കടം വരും. പിച്ചക്കാര് ഇരുന്ന് കഴിക്കുന്നത് പോലെയാണ്. അന്ന് ഞാന്‍ വിചാരിച്ചിരുന്നു, എന്നെങ്കിലും ഒരു പടം എടുക്കുമ്പോള്‍, ഹീറോ കഴിക്കുന്ന ഫുഡ് തന്നെ എല്ലാവര്‍ക്കും കൊടുക്കും എന്ന്.  ഇത് ഞാന്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. എന്റെ പടത്തിന്റെ മെസ് നടത്തുന്നത് മോഹനാണ്. ഒരു കൈപുണ്യം ഉള്ള ആളാണ്. അദ്ദേഹത്തിന്റെ അടുത്ത് ഞാന്‍ പറയും ഫുഡിന്റെ കാര്യത്തില്‍ ബഡ്ജറ്റ് നോക്കരുതെന്ന്,’ മണിയന്‍പിള്ള രാജു പറയുന്നു

Content Highlight: Maniyanpilla Raju says that in the past, there was a lot of discrimination when it came to food on film sets.