നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് മണിയന്‍പിള്ള രാജു. 1976ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കാനും 13 സിനിമകള്‍ നിര്‍മിക്കാനും നടന് സാധിച്ചു.
താന്‍ സുരേഷ് ഗോപിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ മണിയന്‍പിള്ള രാജു. കട്ടുറുമ്പിനും കാത് കുത്ത് എന്ന സിനിമയില്‍ താനന്ന് നടനായി അഭിനയിക്കുന്ന സമയമാണെന്നും ഒരു ദിവസം ഷൂട്ട് കഴിയാന്‍ താമസിച്ചപ്പോള്‍ താന്‍ ട്രെയിനില്‍ പെട്ടന്ന് ഓടി കയറിയെന്നും മണിയന്‍പിള്ള രാജു പറയുന്നു. കൊല്ലത്ത് നിന്നായിരുന്നു ട്രെയിന്‍ കയറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് അപ്പോള്‍ നല്ല വിശപ്പുണ്ടായിരുന്നുവെന്നും അന്നും വിശന്നാല്‍ തനിക്ക് കൈ വിറക്കാറുണ്ടായിരുന്നുവെന്നും മണിയന്‍പിള്ള രാജു പറയുന്നു.
താന്‍ വല്ലാതെ പരവേശപ്പെട്ട് ഇരിക്കുന്നത് കണ്ട് ഒരു ചെറുപ്പക്കാരന്‍ തന്നോട് എന്തു പറ്റിയെന്ന് തിരക്കിയെന്നും താന്‍ അദ്ദേഹത്തോട് കാര്യങ്ങളെല്ലാം പറഞ്ഞുവെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് അമ്മ കൊടുത്ത ഭക്ഷണം തനിക്ക് അപ്പോള്‍ തന്നുവെന്നും പേര് ചോദിച്ചപ്പോള്‍ സുരേഷ് ഗോപിയെന്ന് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി അന്ന് ഒരു ചെറിയ വേഷം കിട്ടിയിട്ട് ഷൂട്ടിന് പോകാന്‍ നില്‍ക്കുകയായിരുന്നുവെന്നും അങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. രേഖ മേനോന്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കട്ടുറുമ്പിനും കാത് കുത്ത് എന്നൊരു പടത്തില്‍ നായകനാണ് ഞാന്‍ അപ്പോള്‍, ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും ഏകദേശം രണ്ടുമണിയോളം ആയി. മേക്കപ്പ് പോലും കളയാതെ ഞാന്‍ ഓടി വന്ന് കൊല്ലത്ത് നിന്ന് ട്രെയിനില്‍ കേറി. എനിക്കപ്പോള്‍ നന്നായി വിശക്കുന്നുണ്ടായിരുന്നു. എനിക്കപ്പോഴും വിശന്ന് കഴിഞ്ഞാല്‍ കൈ വിറക്കും. ബുദ്ധിമുട്ടുന്ന സമയത്ത് ഞാന്‍ ഇഡലിയെങ്കിലും വാങ്ങി കഴിക്കാറുണ്ട്. കാരണം എനിക്ക് കൈ വിറക്കും.
അങ്ങനെ എന്റെ പരവേശം കണ്ടിട്ട് ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു. ‘രാജു ചേട്ടനല്ലേ എങ്ങോട്ട് പോകുന്നു’ എന്ന്. ഞാന്‍ പറഞ്ഞു ‘മദ്രാസില്‍ ഒരു ഷൂട്ടിങ്ങിന് പോകുവാണ്’. ‘എന്തു പറ്റി വല്ലാതെ ഇരിക്കുന്നു’ എന്ന് പുള്ളി ചോദിച്ചു. ‘എനിക്ക് വിശപ്പ് സഹിക്കാന്‍ പറ്റുന്നില്ല. ഇനി കോട്ടയത്തെ ഫുഡ് കിട്ടുകയുള്ളു’. എന്ന് ഞാന്‍ പറഞ്ഞു. അയാള്‍ പെട്ടി തുറന്നിട്ട് ഇത് എനിക്ക് അമ്മ കഴിക്കാന്‍ തന്നതാണ് ആടിന്റെ ബ്രെയ്ന്‍ ഫ്രൈയും മൂന്ന് ചപ്പാത്തിയുമാണ് എന്ന് പറഞ്ഞു.
ഞാന്‍ അത് മുഴുവന്‍ കൊതിയോടെ കഴിച്ചു. എന്നേക്കാളും കൊതിയോടെ അദ്ദേഹം അത് നോക്കി കൊണ്ടിരുന്നു. ഞാന്‍ ചോദിച്ചു എവിടെ പോകുവാണ്. അപ്പോള്‍ പറഞ്ഞു ‘ മദ്രാസിലോട്ട് പോകുവാണ് സിനിമയില്‍ ചെറിയ വേഷം കിട്ടിയിട്ടുണ്ട്’ എന്ന് പറഞ്ഞു. ഞാന്‍ എന്താ പേര് എന്ന് ചോദിച്ചു. ‘ എന്റെ പേര് സുരേഷ് ഗോപി’ അങ്ങനെയാണ് സുരേഷ് ഗോപിയെ പരിചയപ്പെടുനനത്. ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃത്ത് ബന്ധമായിരുന്നു പിന്നീട്,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju is sharing his experience of meeting Suresh Gopi for the first time.