മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു. 1976ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കാനും 13 സിനിമകള്‍ നിര്‍മിക്കാനും നടന് സാധിച്ചിട്ടുണ്ട്.
താന്‍ പ്രൊഡ്യൂസ് ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ മണിയന്‍പിള്ള രാജു.
തനിക്ക് എല്ലാം തന്നെ വളരെ പ്രിയപ്പെട്ട സിനിമകളാണെന്നും എല്ലാ സിനിമകളും തന്നെ താന്‍ വളരെ ആസ്വദിച്ചാണ് ചെയ്തതെന്നും മണിയന്‍പിള്ള രാജു പറയുന്നു. എന്നാല്‍ താന്‍ ചെയ്യുന്ന മറ്റ് സിനിമകളില്‍ നിന്നും കുറച്ച് വ്യത്യസ്തമായ ഒരു സിനിമ ചെയ്തത് പൃഥ്വരാജിന്റെ അനന്തഭദ്രമാണെന്നും സന്തോഷ് ശിവന്‍ എന്ന മികച്ച സംവിധായകനെയും ഛായാഗ്രാഹകനെയും നമുക്ക് ആ സിനിമയില്‍ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സിനിമ നൂറ് ദിവസം ഓടിയെന്നും പൃഥ്വിരാജിനെ വെച്ച് താന്‍ ചെയ്ത പാവാടയും മികച്ച വിജയമായിരുന്നുവെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. സില്ലി മോങ്ക്‌സ് മീഡിയയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാം പ്രിയപ്പെട്ടതാണ്. എല്ലാ സിനിമയും ഞാന്‍ എന്‍ജോയ് ചെയ്താണ് എടുക്കുന്നത്. പക്ഷേ എന്നെ സംബന്ധിച്ച് ഒരു വ്യത്യസ്തമായ ഫ്‌ലൈറ്റില്‍ ഞാന്‍ വര്‍ക്ക് ചെയ്ത സിനിമയാണ് അനന്തഭദ്രം. സന്തോഷ് ശിവന്‍ എന്ന മാന്ത്രികന്‍ ചെയ്ത സിനിമയാണ് അത്. അദ്ദേഹത്തിന്റെ ഛായാഗ്രഹണവും അദ്ദേഹത്തിന്റെ സംവിധാനവും എടുത്തു പറയണം.
അതുപോലെ ആ സിനിമയില്‍ ഒരു വ്യത്യസത മേക്കപ്പും, ഗെറ്റപ്പുമൊക്കെയായിട്ട് സബ്ജക്റ്റ് തന്നെ വേറെയായിരുന്നു. പൃഥ്വിരാജിനെ വെച്ച് എടുത്ത് ആ സിനിമ അന്ന് നൂറ് ദിവസം ഓടി. അതുപോലെ പൃഥ്വിരാജിനെ വെച്ച് ഞാന്‍ എടുത്ത പാവാടയും നൂറ് ദിവസം ഓടി,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju is answering the question of which films he has produced are his favorite.