സിനിമയില്‍ ലോബിയിങ് എന്നൊന്ന് ഇല്ലെന്നും മാര്‍ക്കറ്റുള്ളവന് അവസരവും ഉണ്ടെന്നതാണ് രീതിയെന്നും നടന്‍ മണിയന്‍പിള്ള രാജു. തിരുവന്തപുരം ലോബി എന്നൊക്കെ പറയുന്നതില്‍ ഒരു കാര്യവും ഇല്ലെന്നും മട്ടാഞ്ചേരി ഗ്യാങ് എന്നൊക്കെ പറയുന്നത് ശരിയല്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
മോഹന്‍ലാലുമായി താന്‍ ഒരു പടം ചെയ്തത് പത്ത് വര്‍ഷം മുന്‍പാണെന്നും തിരുവനന്തപുരം ലോബി എന്നൊന്ന് വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇക്കാലമത്രയും തന്നെ ഒരു പടത്തിലേക്ക് മോഹന്‍ലാല്‍ കാസ്റ്റ് ചെയ്യാതിരുന്നതെന്നും മണിയന്‍പിള്ള രാജു ചോദിക്കുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹന്‍ലാലും ഞാനുമായി ഒരു പടം അഭിനയിച്ചിട്ട് പത്ത് കൊല്ലമായി. ഇപ്പോഴാണ് തുടരും ചെയ്തത്. തിരുവനന്തപുരം ലോബി ആണെങ്കില്‍ പുള്ളി പറയാത്തത് എന്താണ്.
അല്ലെങ്കില്‍ മമ്മൂട്ടിയുമായി ഒരു പടം അഭിനയിച്ചിട്ട് മൂന്നാല് കൊല്ലമായി. ഞങ്ങള്‍ എന്നും വിളിക്കുന്ന സുഹൃത്തുക്കളാണ്. അപ്പോള്‍ ലോബിയിങ് എന്ന സംഭവം ഇല്ല.
അവനവന് മാര്‍ക്കറ്റ് ഉണ്ടോ. അവരെ വിളിക്കും. എന്റെ അച്ഛന്‍ പടം എടുക്കുകയാണെങ്കില്‍ അച്ഛന്‍ പറയും ഞാന്‍ മോഹന്‍ലാലിനെ വെച്ച് ഒരു പടം എടുക്കുകയാണ്. അതിന്റെ പൈസ കിട്ടിയാല്‍ നിനക്ക് തന്നെ എടുക്കാമല്ലോ. നിനക്ക് അത് വെച്ച് എന്തും ചെയ്യാമല്ലോ.
നീ അത്രത്തോളം ഒന്നുമായില്ല മാറി നില്‍ക്ക് എന്ന്. അപ്പോള്‍ മാര്‍ക്കറ്റാണ്. ലോബി എന്ന സംഭവം ഇല്ല. ഇപ്പോള്‍ ചിലരൊക്കെ മട്ടാഞ്ചേരിയൊക്കെയുള്ള ഗ്രൂപ്പുണ്ട്, കാര്യങ്ങളുണ്ട്, സംഭവം ഉണ്ട് എന്നൊക്കെ പറയുന്നു.
അത് അവര്‍ സുഹൃത്തുക്കളായി ഒന്നിച്ച് താമസിക്കുന്നതായിരിക്കും. കഥ എഴുതുന്നവരും ക്യാമറാമാന്‍മാരും ആക്ടേഴ്‌സുമൊക്കെ ആ ഒരു ഏരിയയില്‍ നിന്ന് ഉള്ളവര്‍ ആയതുകൊണ്ടാണ്.
മലയാള സിനിമയിലെ ആദ്യത്തെ മൂന്ന് ഹീറോസ്. മധുസാര്‍, നസീര്‍ സാര്‍, സത്യന്‍മാസ്റ്റര്‍. ഇവര്‍ മൂന്ന് പേരും തിരുവനന്തപുരത്ത് നിന്നുള്ളവരല്ലേ. ഏറ്റവും കൂടുതല്‍ പടം നടക്കുന്ന സ്ഥലമാണ് തിരുവനന്തപുരം.
എന്റെ കാര്യം നോക്കിയാല്‍ പ്രിയന്റെ പടങ്ങളിലാണ് ഞാനൊക്കെ കൂടുതല്‍ അഭിനയിച്ചത്. ജോഷി സാറുമായി 38 സിനിമകള്‍ ചെയ്തു. അതാണ് റെക്കോര്‍ഡ്. അദ്ദേഹം എറണാകുളമാണ്.
പിന്നെ ജാതിയുടെ കാര്യം എല്ലാവരും പറയും. എം.ടി വാസുദേവന്‍ നായരാണ് മമ്മൂട്ടിയെ കൊണ്ടുവന്നത്. ഫാസില്‍ എന്ന് പറയുന്ന ആളാണ് മോഹന്‍ലാലിനെ കൊണ്ടുവന്നത്. അതില്‍ തന്നെ അത് പൊളിഞ്ഞില്ലേ. അതിലൊന്നും ഒരു കാര്യവും ഇല്ല. ജാതിയും മതവുമൊന്നും പ്രശ്‌നമല്ല, ടാലന്റ് ഉള്ളവരെ വിളിക്കും. തീരെ നൂയിസന്‍സ് ആയവരെ പുറംതള്ളും. അത്രയേ ഉള്ളൂ.
കിരീടത്തില്‍ സേതുമാധവന്റെ അച്ഛനായിട്ട് തിലകന്‍ ചേട്ടനേ ഉള്ളൂ. അതിനപ്പുറം ഒരു കാസ്റ്റിങ് ഇല്ല. അതുപോലെ ഹിസ് ഹൈനസ് അബ്ദുള്ളയില്‍ തമ്പുരാന്റെ വേഷത്തില്‍ നെടുമുടി വേണുവാണ് കറക്ട്.
ഞാന്‍ എടുത്ത കണ്ണെഴുതി പൊട്ടുംതൊട്ട്. എന്റെ സുഹൃത്താണ്, തിരുവനന്തപുരംകാരനാണ് എന്ന് പറഞ്ഞു നെടുമുടി ചേട്ടനെ ഇടാന്‍ പറ്റില്ല. നടേശന്‍മുതലാളിയുടെ വേഷം ചെയ്യാന്‍ തിലകന്‍ ചേട്ടനല്ലാതെ മറ്റൊരാളില്ല,’ മണിയന്‍പിള്ള രാജു പറഞ്ഞു.
Content highlight: Maniyanpilla Raju about Thiruvananthapuram mattancheri Lobby