ഞാന്‍ നിര്‍മിച്ച സിനിമയില്‍ ആ സംവിധായകന് വെറുതെ വന്ന് മരിക്കുന്ന ഒരു റോള്‍ കൊടുത്തു, പിന്നീട് അയാളുടെ ഒരു പടത്തിലേക്കും എന്നെ വിളിച്ചിട്ടില്ല: മണിയന്‍പിള്ള രാജു
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമയില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. 49 വര്‍ഷമായി സിനിമാ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന മണിയന്‍പിള്ള രാജു 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.
മണിയന്‍പിള്ള രാജു നിര്‍മിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ ഹിറ്റായിരുന്നു. 4K സാങ്കേതിക വിദ്യയില്‍ അധികം വൈകാതെ ചിത്രം റീ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ മാര്‍ട്ടിന്‍ പ്രക്കാട്ട് ഛോട്ടാ മുംബൈയിലെ ഒരു സീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
വിനായകന്റെ വില്ലന്‍ കഥാപാത്രം ആദ്യം കൊല്ലുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടിനെയായിരുന്നു. ഛോട്ടാ മുംബൈയിലേക്ക് അദ്ദേഹം വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. അന്‍വര്‍ റഷീദിന്റെ സുഹൃത്താണ് മാര്‍ട്ടിന്‍ പ്രക്കാട്ടെന്നും ആ ബന്ധം കൊണ്ടാണ് അദ്ദേഹം അഭിനയിക്കാന്‍ വന്നതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
എന്നാല്‍ ഒരൊറ്റ സീനില്‍ മാത്രം വന്ന് വെറുതേ മരിക്കുന്ന വേഷമായിരുന്നു അതെന്നും എന്നാല്‍ അത് മാര്‍ട്ടിന്‍ പ്രക്കാട്ടാണെന്ന് പലര്‍ക്കും ഈയടുത്താണ് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ഒരൊറ്റ സിനിമയിലേക്കും തന്നെ വിളിച്ചിരുന്നില്ലെന്നും മണിയന്‍പിള്ള രാജു പറയുന്നു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഛോട്ടാ മുംബൈയിലെ പല കാര്യങ്ങളും ഈയടുത്താണ് പലര്‍ക്കും മനസിലായത്. അതില്‍ തന്നെ വിനായകന്‍ ആദ്യം കൊല്ലുന്ന കഥാപാത്രമായി വേഷമിട്ടത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണെന്ന് പലരും കണ്ടുപിടിച്ചത് കുറച്ച് വര്‍ഷം മുമ്പാണ്. അന്‍വര്‍ റഷീദിന്റെ സുഹൃത്താണ് മാര്‍ട്ടിന്‍. അവര്‍ തമ്മില്‍ വര്‍ഷങ്ങളായിട്ടുള്ള സൗഹൃദമാണ്.
ആ സൗഹൃദത്തിന്റെ പുറത്താണ് അദ്ദേഹം ഛോട്ടാ മുംബൈയില്‍ അഭിനയിച്ചത്. വെറുതേ വന്ന് മരിക്കുന്ന വേഷമാണ് ഞാന്‍ അദ്ദേഹത്തിന് കൊടുത്തത്. അതുകൊണ്ടാണെന്ന് തോന്നുന്നു, മാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഒരൊറ്റ സിനിമയില്‍ പോലും എന്നെ ഇതുവരെ വിളിച്ചിട്ടില്ല (ചിരിക്കുന്നു). വിനായകനും അതിന് ശേഷം നല്ല വേഷങ്ങള്‍ കിട്ടിത്തുടങ്ങി,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju about Martin Prakkat’s character in Chotta Mumbai movie