വീട്ടില്‍ വന്നാല്‍ സ്‌മോള്‍ വേണമെന്ന് ഞാന്‍; അതിവിടില്ലെന്ന് മമ്മൂക്ക; കഴിച്ചിട്ട് വരുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: മണിയന്‍പിള്ള രാജു
നടന്‍ മമ്മൂട്ടിയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും ആത്മബന്ധത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജു.
മമ്മൂട്ടിക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ പിറന്നാള്‍ ആഘോഷത്തെ കുറിച്ചാണ് മണിയന്‍ പിള്ള രാജു സംസാരിക്കുന്നത്. തന്റെ 60ാം പിറന്നാള്‍ ഓര്‍ത്ത് മമ്മൂക്ക വിളിച്ചെന്നും ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയെന്നും മണിയന്‍പിള്ള രാജു പറയുന്നു.എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂട്ടിയുടെ അടുത്ത് എനിക്ക് വല്യേട്ടന്‍ എന്നൊക്കെ പറയുന്ന ഒരു ബഹുമാനമാണ്. ഞാന്‍ എല്ലാ പടവും, അതിപ്പോള്‍ അങ്ങേര്‍ ഇല്ലാത്ത പടമാണെങ്കിലും ഞാന്‍ എടുക്കുമ്പോള്‍ അനുഗ്രഹം ചോദിക്കും.
പുള്ളി ഫേക്കല്ല. ഉള്ള കാര്യം മുഖത്ത് നോക്കി പറയും. എനിക്ക് 60 വയസ് തികയുന്ന ദിവസം. പത്ത് വര്‍ഷം മുന്‍പ്. പാവാടയുടെ ഷൂട്ടിങ് നടക്കുന്ന സമയമാണ്. മദ്രാസില്‍.
അന്ന് എന്നെ വിളിച്ചു. ഇന്ന് നിന്റെ ബര്‍ത്ത് ഡേ അല്ലേ, മക്കളും മരുമക്കളും ഭാര്യയുമൊക്കെ അടുത്തില്ലേ എന്ന് ചോദിച്ചു. അവരൊക്കെ ഓരോ ഓരോ സ്ഥലങ്ങൡലാണ്. ഭാര്യ മാത്രമേ വീട്ടിലുള്ളൂ എന്ന് പറഞ്ഞു.
ഷൂട്ട് നടക്കുകയുമാണ്. ഇന്ന് ഡബ്ബിങ് ഇല്ല. നാളെയാണ് എന്നൊക്കെ പറഞ്ഞു. നിനക്ക് ചൈനീസ് ഫുഡ് ഇഷ്ടമല്ലേ. നമുക്ക് താജില്‍ പോകാം. നീ റെഡിയാക് എന്ന് പറഞ്ഞു.
എനിക്ക് താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ നിങ്ങളെ വീട്ടില്‍ വന്ന് ഫുഡ് കഴിക്കാം. ഇവിടെ ചപ്പാത്തി അതുമിതുമൊക്കെയാണ്. എനിക്ക് ബര്‍ത്ത് ഡേയാണ്. രണ്ട് സ്‌മോള്‍ കഴിക്കണമെന്ന് പറഞ്ഞു.
അത് ഇവിടെയില്ല എന്ന് പറഞ്ഞു. ഇന്ന് ബര്‍ത്ത് ഡേയല്ലേ. ഞാന്‍ രണ്ട് സ്‌മോള്‍ കഴിച്ചിട്ട് വരുമെന്ന് പറഞ്ഞു. അത് നിന്റെ ഇഷ്ടം എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കഴിച്ചിട്ട് പോയി. പുള്ളിയും ഞാനും വൈഫും മാത്രം. ജോലിക്കാരൊന്നും ഇല്ല.
അവര്‍ തന്നെ വിളമ്പി തന്നു. നമ്മള്‍ എല്ലാവരും ഒരുമിച്ച് ഫുഡ് കഴിച്ചു. മമ്മൂക്കയും വൈഫും ഞാനും ഒരു സെല്‍ഫിയെടുത്തു.
സപ്തതിക്കും അങ്ങനെ തന്നെ. ഒരു പായസം പോലും നമ്മള്‍ വെച്ചിട്ടില്ല. മക്കളും മരുമക്കളും ഇല്ല. ഞാനും വൈഫും മാത്രം. ഇവരൊന്നും ഇല്ലാതെ നമുക്ക് എന്ത് ആഘോഷം.
ജീവിതത്തിലേക്ക് രണ്ട് തവണ തിരിച്ചുവന്ന ആളാണ് ഞാന്‍. ഒന്ന് കൊറോണ വന്ന സീരിയസായ സമയത്ത്. ന്യൂമോണിയ വന്ന് അധികമായി. പിന്നെ അത് കഴിഞ്ഞ ശേഷമാണ് ഈ അസുഖം,’ മണിയന്‍പിള്ള രാജു പറഞ്ഞു.
Content Highlight: Maniyanpilla raju about Mammootty and his Biorthday Celebration