തമിഴിലെ മികച്ച റൊമാന്റിക് ചിത്രങ്ങളില്‍ മുന്‍പന്തിയിലുള്ള സിനിമയാണ് മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ അലൈ പായുതേ. ആര്‍. മാധവനും ശാലിനിയും നായികാ നായകന്മാരായെത്തിയ ചിത്രത്തിന്റെ സഹ-രചന നിര്‍വഹിച്ചതും മണിരത്‌നം തന്നെയായിരുന്നു. അലൈ പായുതേക്കായി എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ഇന്നും ഹിറ്റാണ്.
അലൈ പായുതേ ആദ്യം ഹിന്ദിയില്‍ ചെയ്യാനിരുന്നതായിരുന്നു എന്ന് പറയുകയാണ് മണിരത്‌നം. ഷാരൂഖ് ഖാനെയും കാജോളിനെയും നായികാ നായകന്മാരായി തീരുമാനിച്ചിരുന്നെന്നും ചിത്രത്തിന്റെ കഥ ഷാരൂഖ് ഖാനോട് പറയുകയും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചതായും മണിരത്‌നം പറഞ്ഞു.
എന്നാല്‍ ആ സമയത്ത് ചിത്രത്തിന്റെ അവസാന ഭാഗം ഇപ്പോള്‍ ഉള്ള സിനിമയില്‍ ഉള്ളതുപോലെ അല്ലായിരുന്നുവെന്നും അതിനാല്‍ അലൈ പായുതേ ഒഴിവാക്കി ദില്‍ സെ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി 5 എ റിട്രോസ്പെക്റ്റീവിന്റെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മണിരത്‌നം.
‘ഞാന്‍ ഷാരൂഖിനൊപ്പം ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നത് ‘അലൈ പായുതേ’ എന്ന സിനിമയായിരുന്നു. ഷാരൂഖും കജോളും നായികാ നായകന്മാരായാണ് ഞാന്‍ മനസില്‍ കണ്ടത്. ഞാന്‍ ചിത്രത്തിന്റെ കഥ ഷാരൂഖിനോട് പറയുകയും അദ്ദേഹം അത് നമുക്ക് ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തതാണ്. പക്ഷേ കഥയുടെ അവസാന ഭാഗം ഞാന്‍ മാറ്റാന്‍ ആഗ്രഹിച്ചിരുന്നില്ല.
നിങ്ങള്‍ ‘അലൈ പായുതേ’ കണ്ടിട്ടുണ്ടെങ്കില്‍ മനസിലാകും, അത് ഒരു ദിവസത്തെ ചുറ്റിപ്പറ്റിയാണ് എടുത്തിരിക്കുന്നതെന്ന്. അപകടം സംഭവിച്ച് ഭാര്യയെ കാണാതാവുമ്പോള്‍ നായകന്‍ അത് അന്വേഷിക്കുന്നു. എന്നാല്‍ ആ ഒരു സംഭവം ഷാരൂഖിനോട് കഥ പറഞ്ഞപ്പോള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ അലൈ പായുതേ ഉപേക്ഷിച്ച് ‘ദില്‍ സെ’യിലേക്ക് മാറി,’ മണിരത്‌നം പറയുന്നു.