ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് മണിരത്‌നം. ആരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിക്കാതെ സ്വതന്ത്രസംവിധായകനായ മണിരത്‌നത്തിന്റെ ആദ്യ ചിത്രം മോഹന്‍ലാല്‍ നായകനായ ഉണരൂ ആയിരുന്നു. പിന്നീട് തമിഴിലും ഹിന്ദിയിലുമായി ഒരുപിടി ക്ലാസിക്കുകള്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നായകന്‍, റോജ, ദളപതി തുടങ്ങിയവ അതിന് ഉദാഹരണമാണ്.
തഗ് ലൈഫിന് ശേഷം മണിരത്‌നം അടുത്തതായി ഒരു റൊമാന്റിക് ചിത്രം ചെയ്യുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയിലെ യുവനടനെ വെച്ചാകും ആ ചിത്രമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സിലമ്പരസന്‍, നവീന്‍ പൊളിഷെട്ടി എന്നിവരുടെ പേരുകളായിരുന്നു ഉയര്‍ന്ന് കേട്ടത്.
ഇപ്പോഴിതാ അത്തരം വാര്‍ത്തകളോട് പ്രതികരിക്കുകയാണ് മണിരത്‌നം. തന്റെ അടുത്ത പ്രൊജക്ട് റൊമാന്റിക് ചിത്രമായിരിക്കുമെന്നുള്ള വാര്‍ത്തകള്‍ താനും കേള്‍ക്കാറുണ്ടെന്നും പല നടന്മാരെ വെച്ച് ആ പ്രൊജക്ടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അത്തരം വാര്‍ത്തകള്‍ തനിക്കും പുതിയ അറിവാണെന്നും മണിരത്‌നം പറയുന്നു. നിലവില്‍ തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള ചിന്തകളൊന്നും ഫൈനലൈസ് ചെയ്യാനായിട്ടില്ലെന്നും ഒന്നുരണ്ട് ഐഡിയകള്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം കേള്‍ക്കുന്നുണ്ട്. അതൊരു റൊമാന്റിക് ചിത്രമാണെന്നും നായകനും നായികയും ഇവരൊക്കെയാണെന്നുമെല്ലാം പറഞ്ഞുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ട്. സത്യം പറഞ്ഞാല്‍ എനിക്കും അതെല്ലാം പുതിയ അറിവുകളാണ്. അടുത്ത സിനിമ ഏതാണെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല. ഒന്നുരണ്ട് ഐഡിയകള്‍ മനസിലുണ്ട്. ഒന്നും ഫൈനലൈസ് ചെയ്യാനായിട്ടില്ല,’ മണിരത്‌നം പറയുന്നു.
കമല്‍ ഹാസനൊപ്പം 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച തഗ് ലൈഫാണ് മണിര്തനത്തിന്റെ പുതിയ ചിത്രം. വന്‍ ബജറ്റിലെത്തിയ തഗ് ലൈഫിന് ബോക്‌സ് ഓഫീസില്‍ വിജയിക്കാനായില്ല. ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളുടെ പട്ടികയിലാണ് ചിത്രം ഇടംപിടിച്ചത്. കമല്‍ ഹാസന് പുറമെ സിലമ്പരസനും തഗ് ലൈഫില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.
Content Highlight: Maniratnam reacts to the rumors about his next project