മണിരത്‌നം സംവിധാനം ചെയ്ത ഹിസ്റ്റോറിക്കല്‍ ക്ലാസിക്കാണ് പൊന്നിയിന്‍ സെല്‍വന്‍. തമിഴ് ജനത ഹൃദയത്തിലേറ്റിയ നോവലിന് രണ്ട് ഭാഗങ്ങളിലായാണ് മണിരത്‌നം ചലച്ചിത്രഭാഷ്യമൊരുക്കിയത്. ചിത്രത്തിന്റെ ആദ്യഭാഗം തമിഴില്‍ ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. രണ്ടാം ഭാഗവും മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മണിരത്‌നം.
രണ്ടാം ഭാഗത്തില്‍ വിക്രം അവതരിപ്പിച്ച ആദിത്യ കരികാലന്‍ നന്ദിനി എന്ന കഥാപാത്രത്തെ കാണാന്‍ എത്തുന്ന രംഗം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തനിക്ക് പേടിയായിരുന്നെന്ന് മണിരത്‌നം പറഞ്ഞു. നോവലിലെ ഏറ്റവും ശക്തമായ സീനായിരുന്നു അതെന്നും അതിന്റെ ഇമോഷന്‍ പ്രേക്ഷകരിലേക്ക് എങ്ങനെയെത്തിക്കുമെന്ന് ടെന്‍ഷനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു മണിരത്‌നം.
‘പൊന്നിയിന്‍ സെല്‍വനിലെ ഒരു സീന്‍ എടുക്കുന്നതിന് മുമ്പ് ഞാന്‍ ഒരുപാട് പേടിച്ചു. ആദിത്യ കരികാലന്‍ തഞ്ചാവൂരിലെത്തി നന്ദിനിയെ കാണുന്ന രംഗമായിരുന്നു അത്. നോവല്‍ വായിച്ചവര്‍ക്ക് അറിയാം ആ ഒരു ഭാഗം എത്രമാത്രം പവര്‍ഫുള്ളാണെന്ന്. അതിനെ കൃത്യമായിട്ടുള്ള ഇമോഷനില്‍ എങ്ങനെ പ്രേക്ഷകരിലേക്കെത്തിക്കാമെന്ന് ഞാന്‍ ആലോചിച്ചു.
കരികാലന്‍ നേരെ നന്ദിനിയെ കാണാന്‍ വന്നാല്‍ ആളുകള്‍ക്ക് ഒന്നും തോന്നില്ല. അതുകൊണ്ട് രണ്ടുപേരെയും ഒരേ സമയം കാണിക്കാമെന്ന് തീരുമാനിച്ചു. കരികാലന്‍ നന്ദിനിയുടെ മുറിയിലേക്ക് വരുന്ന സമയത്ത് നന്ദിനി അയാളുടെ സാന്നിധ്യം അറിയുന്നുണ്ട്. അവള്‍ ആ സമയത്ത് ചെയ്തുകൊണ്ടിരിക്കുന്ന കാര്യം നിര്‍ത്തിവെക്കുന്നുണ്ട്.
ഈ സമയം പുറത്ത് നില്‍ക്കുന്ന കരികാലന് അവള്‍ അകത്ത് തന്നെയുണ്ടെന്ന് മനസിലാകുന്നുണ്ട്. അയാളും കുറച്ചുനേരം ഒന്നും ചെയ്യാതെ നില്‍ക്കുകയാണ്. എന്നിട്ടാണ് ഇവര്‍ രണ്ടുപേരും കാണുന്നത്. അപ്പോഴേക്ക് പ്രേക്ഷകരും സിനിമയിലേക്ക് ഇന്‍ ആയി. അതിന്റെ കൂടെ ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സ് കൂടിയായപ്പോള്‍ ആ സീന്‍ ഞാന്‍ വിചാരിച്ചതുപോലെ കിട്ടി,’ മണിരത്‌നം പറഞ്ഞു.
തമിഴിലെ എക്കാലത്തെയും മികച്ച കാസ്റ്റിങ്ങിലാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുങ്ങിയത്. രവി മോഹന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയപ്പോള്‍ കാര്‍ത്തി, ചിയാന്‍ വിക്രം, ഐശ്വര്യ റായ് എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജയറാം, തൃഷ, ശോഭിത ധൂലിപാല, ശരത് കുമാര്‍, പാര്‍ത്ഥിബന്‍, പ്രഭു തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നു.
Content Highlight: Maniratnam about the most difficult scene in Ponniyin Selvan movie