ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് മണിരത്‌നം. അസിസ്റ്റന്റ് ഡയറക്ടറാകാതെ സ്വതന്ത്രസംവിധായകനായ മണിരത്‌നത്തിന്റെ ആദ്യ ചിത്രം മോഹന്‍ലാല്‍ നായകനായ ഉണരൂ ആയിരുന്നു. പിന്നീട് തമിഴിലും ഹിന്ദിയിലുമായി ഒരുപിടി ക്ലാസിക്കുകള്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നായകന്‍, റോജ, ദളപതി തുടങ്ങിയവ അതിന് ഉദാഹരണമാണ്.
ദുല്‍ഖര്‍ സല്‍മാന്‍, നിത്യ മേനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം ഒരുക്കിയ ചിത്രമാണ് ഓ കാതല്‍ കണ്മണി. മാറുന്ന കാലഘട്ടത്തിലെ പ്രണയത്തെയും ലിവിങ് റിലേഷന്‍ഷിപ്പിനെയും കാണിച്ച ചിത്രം സിനിമാപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മണിരത്‌നം.
തുടക്കത്തില്‍ കല്യാണത്തിനെതിരായി സംസാരിക്കുന്ന നായകനും നായികയും അവസാനം കല്യാണം കഴിക്കുന്നതാണ് സിനിമ കാണിക്കുന്നത്. താന്‍ കണ്ട കാര്യങ്ങളാണ് സിനിമയില്‍ കാണിച്ചതെന്ന് മണിരത്‌നം പറഞ്ഞു. ലിവിങ് റിലേഷന്‍ഷിപ്പുകള്‍ എല്ലാം അതുപോലെയാണെന്നൊന്നും താന്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടക്കത്തില്‍ കല്യാണം എന്ന ചടങ്ങിനോട് താത്പര്യമില്ലതെയാണ് പല ലിവിങ് റിലേഷന്‍ഷിപ്പുകളും ആരംഭിക്കുന്നതെന്നും എന്നാല്‍ പിന്നീട് അവര്‍ കല്യാണം കഴിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും മണിരത്‌നം പറയുന്നു. എത്ര തന്നെ മോഡേണ്‍ ആണെന്ന് പറഞ്ഞാലും നമ്മുടെ സംസ്‌കാരത്തിലേക്ക് തിരിച്ചുപോകുമെന്നാണ് ആ സിനിമയിലൂടെ കാണിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു മണിരത്‌നം.
‘ഓ.കെ കണ്മണി എന്ന സിനിമയില്‍ ഞാന്‍ കണ്ട കാര്യങ്ങളാണ് കാണിക്കാന്‍ ശ്രമിച്ചത്. പല ലിവിങ് റിലേഷന്‍ഷിപ്പുകളും കല്യാണത്തോട് താത്പര്യമില്ലാതെയാണ് ആരംഭിക്കുന്നത്. എന്നാല്‍ അവര്‍ പിന്നീട് കല്യാണത്തിലേക്ക് എത്തുന്നുണ്ട്. എല്ലാ ആള്‍ക്കാരും ഇങ്ങനെയാണെന്ന് ഞാന്‍ പറയുന്നില്ല. ഓ.കെ. കണ്മണിയില്‍ അങ്ങനെയുള്ള രണ്ട് പേരുടെ കഥയാണ് പറഞ്ഞത്.
നായകനും നായികയും ആദ്യം കാണുമ്പോള്‍ അവര്‍ക്ക് കല്യാണത്തോട് താത്പര്യമില്ല. പക്ഷേ, അവരുടെ പ്രണയം അവസാനമാകുമ്പോഴേക്ക് കല്യാണത്തിലേക്ക് എത്തുന്നുണ്ട്. അത് ഞാന്‍ പലരുടെയും കാര്യത്തില്‍ കണ്ടിട്ടുണ്ട്. അതായത് എത്ര തന്നെ മോഡേണാണെന്ന് പറഞ്ഞാലും അവസാനം നമ്മുടെ സംസ്‌കാരത്തിലേക്ക് തിരിച്ചുപോകും എന്ന് കാണിക്കാനാണ് ആ സിനിമ,’ മണിരത്‌നം പറഞ്ഞു.
Content Highlight: Maniratnam about O Kadhal Kanmani movie