ഛോട്ടാ മുംബൈ; ആദ്യം ആ സീന്‍ ചെയ്തത് മണിച്ചേട്ടന്റെ സ്റ്റൈലില്‍; അന്‍വറിക്ക അത് വേണ്ടെന്ന് പറഞ്ഞു: മണിക്കുട്ടന്‍
Entertainment
ഛോട്ടാ മുംബൈ; ആദ്യം ആ സീന്‍ ചെയ്തത് മണിച്ചേട്ടന്റെ സ്റ്റൈലില്‍; അന്‍വറിക്ക അത് വേണ്ടെന്ന് പറഞ്ഞു: മണിക്കുട്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th June 2025, 3:22 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് മണിക്കുട്ടന്‍. 1999ല്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ കായംകുളം കൊച്ചുണ്ണി (2004) എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാകുന്നത്.

2005ല്‍ വിനയന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മണിക്കുട്ടന്‍ സിനിമയില്‍ നായകനായി എത്തുന്നത്. കരിയറില്‍ നിരവധി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മണിക്കുട്ടനെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത് ഛോട്ടാ മുംബൈയിലെ സൈനു എന്ന കഥാപാത്രമായിട്ടാണ്.

ഛോട്ടാ മുംബൈയില്‍ നടന്‍ കലാഭവന്‍ മണിയും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. നടേഷന്‍ എന്ന വില്ലന്‍ കഥാപാത്രമായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ഇപ്പോള്‍ ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ കലാഭവന്‍ മണിയെ കുറിച്ച് പറയുകയാണ് മണിക്കുട്ടന്‍.

‘എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് കലാഭവന്‍ മണി. ചേട്ടന്റെ കൂടെ ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. പക്ഷെ അദ്ദേഹവുമായി നല്ല അടുപ്പമുണ്ടാകുന്നത് ഛോട്ടാ മുംബൈ സിനിമയുടെ സമയത്തായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കായംകുളം കൊച്ചുണ്ണി ഷൂട്ട് ചെയ്യുന്ന സമയത്ത് ചാലക്കുടിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഞങ്ങള്‍ കണ്ടിരുന്നു. അദ്ദേഹം കാണണമെന്ന് പറഞ്ഞത് കൊണ്ട് ഞങ്ങളൊക്കെ അങ്ങോട്ട് പോയി അദ്ദേഹത്തെ കണ്ടു. അതിനുള്ള ഭാഗ്യം ലഭിച്ചിരുന്നു.

പിന്നീട് അദ്ദേഹവുമായി അടുത്തത് ഛോട്ടാ മുംബൈയില്‍ വന്നതിന് ശേഷമാണ്. ഛോട്ടാ മുംബൈ ഷൂട്ടിങ് സമയത്ത് അതില്‍ മണിച്ചേട്ടന്റേതായി ആദ്യമെടുക്കുന്ന സീന്‍ ഏതാണെന്ന് എനിക്ക് ഇന്നും ഓര്‍മയുണ്ട്.

അദ്ദേഹം സായ് ചേട്ടന്റെ വീട്ടില്‍ വന്നിട്ട് ‘നിങ്ങള്‍ ഇപ്പോള്‍ വായിച്ച വേദ പുസ്തകത്തിലെ ആ ആള്‍ ഞാന്‍ തന്നെയാണ്’ എന്ന് പറയുന്ന സീനാണ് ആദ്യം എടുത്തത്. അന്ന് മണിച്ചേട്ടന്‍ ആദ്യം അദ്ദേഹത്തിന്റെ ഒരു സ്റ്റൈലിലായിരുന്നു ചെയ്തിരുന്നത്.

എന്നാല്‍ അത് കണ്ടതും ഉടനെ അന്‍വറിക്ക ഇടപ്പെട്ടു. ‘നടേഷന്‍ ഇത്ര ലൗഡാകില്ല’ എന്ന് അദ്ദേഹം പറഞ്ഞു. അതോടെ മണി ചേട്ടന്‍ അത് മനസിലാക്കുകയും നടേഷനായിട്ട് മാറുകയും ചെയ്തു.

നടേഷന്‍ ഇങ്ങനെയൊക്കെ ഡയലോഗ് പറഞ്ഞാല്‍ മതിയോയെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ എനിക്ക് ഇഷ്ടമായി. അത്രയും ടെററാണ് ആ കഥാപാത്രം. പേടിക്കാന്‍ അയാളുടെ ആ നോട്ടം തന്നെ മതിയായിരുന്നു,’ മണിക്കുട്ടന്‍ പറയുന്നു.


Content Highlight: Manikuttan Talks About Kalabhavan Mani And Chotta Mumbai Movie