സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് മണിക്കുട്ടന്‍. 1999ല്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ കായംകുളം കൊച്ചുണ്ണി (2004) എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാകുന്നത്.
2005ല്‍ വിനയന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മണിക്കുട്ടന്‍ സിനിമയില്‍ നായകനായി എത്തുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഭാഗമായിരുന്ന നടന്‍ 2021ല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മൂന്നാം സീസണിലും പങ്കെടുത്തിരുന്നു.
സിനിമാ കരിയറില്‍ നിരവധി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മണിക്കുട്ടനെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത് ഛോട്ടാ മുംബൈയിലെ സൈനു എന്ന കഥാപാത്രമായിട്ടാണ്. ഇപ്പോള്‍ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഛോട്ടാ മുംബൈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍.
‘ഛോട്ടാ മുംബൈ സിനിമയില്‍ ഞാന്‍ കാറിന് മുകളിലൂടെ ചാടുന്ന സീന്‍ ശരിക്കും ആദ്യം ഉണ്ടായിരുന്നില്ല. ഫൈറ്റ് ചെയ്യുന്ന സമയത്ത് രണ്ടുമൂന്ന് സീനുകള്‍ ഡ്യൂപ്പില്ലാതെ ചെയ്യാനായി മാസ്റ്റര്‍ വിളിപ്പിച്ചു. ‘മണി നമുക്ക് എന്തെങ്കിലും ഒരു സാധനം ചെയ്യാം’ എന്ന് മാസ്റ്റര്‍ പറഞ്ഞു.
അപ്പോള്‍ ഞാനാണ് അങ്ങോട്ട് കാര്യം പറയുന്നത്. ‘മാസ്റ്റര്‍ എന്തെങ്കിലും ഒരു സാധനം എനിക്ക് വേണം. ഒരു ചാട്ടമെങ്കിലും’ എന്ന് ഞാന്‍ പറയുകയായിരുന്നു. ‘അയ്യോ മണി. അത് പറ്റില്ല. സേഫ്റ്റി മെഷേഴ്‌സൊന്നും അധികമില്ല. അധികം ബെഡൊന്നുമില്ല’ എന്നായിരുന്നു മാസ്റ്റര്‍ തന്ന മറുപടി.
ഞാന്‍ അപ്പോള്‍ ‘ഉള്ള ബെഡ് മതി. ഈ സിനിമയിലൂടെ മാത്രമേ നമുക്ക് എന്തെങ്കിലും പേരെടുക്കാന്‍ പറ്റുള്ളൂ’വെന്ന് പറഞ്ഞു. അങ്ങനെ മാസ്റ്റര്‍ ഡയറക്ടറുമായി സംസാരിച്ചു. ‘മണി ചെയ്യാന്‍ തയ്യാറാണെങ്കില്‍ നമുക്ക് ചെയ്യാം’ എന്ന് ഡയറക്ടര്‍ പറഞ്ഞു.
അങ്ങനെയാണ് ഞാന്‍ കാറിന്റെ മേലെ ചാടുന്ന സീന്‍ കൊണ്ടുവരുന്നത്. സിദ്ദിഖ് ബൈക്കിന്റെ മേലെ ചാടുന്നതും അങ്ങനെ വന്ന സീനാണ്. പിന്നെ സിനിമയിലെ ‘തല ഗ്യങ്ങ്’ എന്ന് പറയുന്നത് പ്രായ വ്യത്യാസമില്ലാത്തതാണ്.
അങ്ങനെ വന്നത് കൊണ്ടാണ് സൈനുവെന്ന കഥാപാത്രത്തിലേക്ക് ഞാന്‍ എത്തുന്നത്. അതില്‍ ഏതെങ്കിലും ഒരു കഥാപാത്രം മങ്ങിയാല്‍ അത് മൊത്തം സിനിമയെ ബാധിക്കും. അങ്ങനെ വരാതിരിക്കാന്‍ സിനിമയുടെ സംവിധായകനും കോ ആര്‍ട്ടിസ്റ്റുകളും ശ്രദ്ധിച്ചിരുന്നു,’ മണിക്കുട്ടന്‍ പറയുന്നു.
Content Highllight: Manikuttan Talks About Fight Scene In Chotta Mumbai Movie