തമിഴില്‍ നിലവിലെ മികച്ച നടന്മാരില്‍ ഒരാളാണ് മണികണ്ഠന്‍. റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ മണികണഠന്‍ കരിയറിന്റെ തുടക്കത്തില്‍ നിരവധി ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി സാന്നിധ്യമറിയിച്ചു. തമിഴിലെ മികച്ച ചിത്രങ്ങളിലൊന്നായ വിക്രം വേദയില്‍ സംഭാഷണങ്ങള്‍ എഴുതിയ മണികണ്ഠന്‍, ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. നരയെഴുതും സൂയസരിതം എന്ന ചിത്രം സംവിധാനം ചെയ്ത് സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
മണികണ്ഠന് നിരവധി പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു ജയ് ഭീം. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ രാജാക്കണ്ണ് എന്ന കഥാപാത്രത്തെയാണ് മണികണ്ഠന്‍ അവതരപ്പിച്ചത്. കരിയറില്‍ ആദ്യമായി പല സൂപ്പര്‍താരങ്ങളും തന്നെ വിളിച്ച് അഭിനന്ദിച്ചത് ജയ് ഭീമിന് ശേഷമാണെന്ന് മണികണ്ഠന്‍ പറഞ്ഞു. കൊവിഡ് കാരണം ഷൂട്ട് മുടങ്ങുകയും പിന്നീട് ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ചിത്രമാണ് ജയ് ഭീമെന്ന് മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രം റിലീസായ സമയത്ത് താന്‍ ഒരുപാട് മീഡിയക്ക് അഭിമുഖങ്ങള്‍ കൊടുത്തെന്നും ആ സമയത്താണ് കമല്‍ ഹാസന് തന്നെ വിളിച്ചതെന്നും മണികണ്ഠന്‍ പറഞ്ഞു. 138 മിസ് കോള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് തന്റെ ഫോണിലേക്ക് വന്നെന്നും ഒടുവില്‍ കോള്‍ എടുത്തപ്പോള്‍ കമല്‍ ഹാസന് തന്നെ കാണണമെന്ന് പറഞ്ഞെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
ആ സമയത്ത് ഭയങ്കര മഴയായിരുന്നെന്നും ഒരുവിധത്തില്‍ കമല്‍ ഹാസന്റെ ഓഫീസിലെത്തിയെന്നും മണികണ്ഠന്‍ പറഞ്ഞു. കമല്‍ ഹാസനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണൊക്കെ കലങ്ങിയിരുന്നെന്നും ജയ് ഭീം കണ്ട് രണ്ട് ബോക്‌സ് ടിഷ്യൂ പേപ്പര്‍ തീര്‍ത്തെന്ന് അദ്ദേഹം തന്നോട് പറഞ്ഞെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. ആരോടെല്ലാം സംസാരിക്കണമെന്ന് ആഗ്രഹിച്ചുവോ അവരെല്ലാം തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും മണികണ്ഠന്‍ പറഞ്ഞു. ടൂറിങ് ടോക്കീസിനോട് സംസാരിക്കുകയായിരുന്നു മണികണ്ഠന്‍.
‘ജയ് ഭീം എന്ന സിനിമയും രാജാക്കണ്ണ് എന്ന കഥാപാത്രവും ഒരുപാട് കഷ്ടപ്പെട്ട് തീര്‍ത്തതാണ്. ഷൂട്ടിന്റെ ഇടയ്ക്കാണ് കൊവിഡ് വന്ന് നിര്‍ത്തിവെക്കേണ്ടി വന്നത്. പിന്നീട് ലോക്ക്ഡൗണ്‍ സമയമായതുകൊണ്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്തു. പലരും സിനിമ കണ്ട് അഭിനന്ദിച്ചിരുന്നു. ഒരുപാട് ഇന്റര്‍വ്യൂ ആ സമയത്ത് കൊടുത്തു.
അങ്ങനെ ഒരു ഇന്റര്‍വ്യൂവിന്റെ ഇടയിലാണ് കമല്‍ സാറിന്റെ ഓഫീസില്‍ നിന്ന് വിളിച്ചത്. 138 മിസ്ഡ് കോള്‍ വന്നു. ഒടുവില്‍ ഇന്റര്‍വ്യൂ പെട്ടെന്ന് തീര്‍ത്ത് കമല്‍ സാറിന്റെ ഓഫീസിലേക്ക് തിരിച്ച് വിളിച്ചു. അദ്ദേഹത്തിന് എന്നെ കാണണമെന്ന് പറഞ്ഞു. ആ സമയത്ത് ഭയങ്കര മഴയായിരുന്നു. ഒരുവിധത്തില്‍ ഓഫീസിലെത്തി അദ്ദേഹത്തെ കണ്ടു.
അദ്ദേഹത്തിന്റെ കണ്ണെല്ലാം കലങ്ങിയിരുന്നു. ‘രണ്ട് ബോക്‌സ് ടിഷ്യൂവാണ് തീര്‍ത്തത്’ എന്നാണ് കമല്‍ സാര്‍ പറഞ്ഞത്. അത് മാത്രമല്ല, ആരോടെല്ലാം സംസാരിക്കണമെന്ന് ആഗ്രഹിച്ചോ, അവരെല്ലാം എന്നെ വിളിച്ച് അഭിനന്ദിച്ചത് ജയ് ഭീമിന് ശേഷമാണ്,’ മണികണ്ഠന്‍ പറഞ്ഞു.
Content Highlight: Manikandan about Kamal Haasan’s apprecaiation after Jai Bhim movie