എന്റെ ആ സിനിമ ആദ്യം ചെയ്യാനിരുന്നത് മലയാളത്തില്‍; എം.ടി. സാറുമായി സംസാരിച്ചിരുന്നു: മണിരത്‌നം
Entertainment
എന്റെ ആ സിനിമ ആദ്യം ചെയ്യാനിരുന്നത് മലയാളത്തില്‍; എം.ടി. സാറുമായി സംസാരിച്ചിരുന്നു: മണിരത്‌നം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th June 2025, 9:47 am

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് മണിരത്‌നം. ആരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിക്കാതെ സ്വതന്ത്രസംവിധായകനായ മണിരത്‌നത്തിന്റെ ആദ്യ ചിത്രം മോഹന്‍ലാല്‍ നായകനായ ഉണരൂ ആയിരുന്നു. പിന്നീട് ഇരുവര്‍, റോജാ, ബോംബെ, നായകന്‍, മൗനരാഗം, ദളപതി എന്നിങ്ങനെ ഒരുപിടി മികച്ച ക്ലാസിക്കുകള്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഹിന്ദിയിലും തമിഴിലും അദ്ദേഹം നിരവധി സിനിമകള്‍ ചെയ്‌തെങ്കിലും മലയാളത്തില്‍ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളു.

മണിരത്‌നം രചനയും സംവിധാനവും നിര്‍വഹിച്ച് 1995ല്‍ പുറത്തിറങ്ങിയ സിനിമയാണ് ബോംബെ. അരവിന്ദ് സ്വാമി, മനീഷ കൊയ്‌രാള തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. ഇപ്പോള്‍ താന്‍ ബോംബെ എന്ന ചിത്രം ആദ്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നത് മലയാളത്തിലാണെന്ന് മണിരത്‌നം പറയുന്നു.

തനിക്ക് എം.ടി. വാസുദേവന്‍ നായരുമൊത്ത് ഒരു സിനിമ ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നുവെന്നും താന്‍ അദ്ദേഹത്തെ പോയി കാണുകയും അതിനെ പറ്റി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും മണിരത്‌നം പറയുന്നു. എന്നാല്‍ എം.ടി. മറ്റെന്തോ സ്‌ക്രിപ്റ്റില്‍ വര്‍ക്ക് ചെയ്യുകയായിരുന്നുവെന്നും അത് നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോംബെ എന്ന സിനിമ ആദ്യം ചെയ്യാനിരുന്നത് മലയാളത്തിലാണെന്നും പിന്നീട് ചില കാരണങ്ങളാല്‍ അത് സംഭവിച്ചില്ലെന്നും മണിരത്‌നം പറഞ്ഞു. രേഖാ മേനോന്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് എം.ടി സാറുമായി ഒരു സിനിമ ചെയ്യണമെന്ന് നല്ല ആഗ്രമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ പോയി കണ്ടിട്ടും അതിനെ പറ്റി സംസാരിച്ചിട്ടും ഉണ്ട്. പക്ഷേ അത് നടന്നില്ല. അദ്ദേഹം മറ്റെന്തോ സ്‌ക്രിപ്റ്റില്‍ വര്‍ക്ക് ചെയ്യുകയോ എന്തോ ആയിരുന്നു. ബോംബെ സിനിമ ആദ്യം മലയാളത്തിലാണ് പ്ലാന്‍ ചെയ്തത്. ആ സിനിമ ആദ്യം മലയാളത്തിലാണ് തുടങ്ങിയത്. സിനിമയുടെ പ്രൊഡ്യൂസര്‍ ഒരു മലയാളി ആയിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. അതുകൊണ്ട് തന്നെ ഞാന്‍ ശ്രമിക്കാത്തതുകൊണ്ടല്ല നടക്കാത്തത്,’ മണിരത്‌നം പറയുന്നു.

Content highlight: Mani Ratnam says that the film Bombay was initially decided to be in Malayalam.