കോഴിക്കോട് ചികിത്സയിലിരിക്കെ മരണപ്പെട്ട മങ്കട സ്വദേശിക്കും നിപ? സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്കയച്ചു
Nipah Virus Alert
കോഴിക്കോട് ചികിത്സയിലിരിക്കെ മരണപ്പെട്ട മങ്കട സ്വദേശിക്കും നിപ? സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്കയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th July 2025, 9:48 am

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയില്‍ ഫലം പോസ്റ്റിവാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മെഡിക്കല്‍ കോളേജിലെ ലെവല്‍ ടു ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഫലം പോസിറ്റീവായതോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയവര്‍ ഉള്‍പ്പെടെ ക്വാറന്റീനിലാണ്. നിലവില്‍ വിദ്ഗധ പരിശോധനക്കായി സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചതായാണ് വിവരം.

പൂനെ ലാബില്‍ നിന്നുള്ള ഫലം ഇന്ന് (വെള്ളി) ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനെയിലെ ലെവല്‍ 3 പരിശോധനയ്ക്ക് ശേഷം മാത്രമേ നിപ ബാധ സ്ഥിരീകരിക്കുകയുള്ളു.

ജൂണ്‍ 28നാണ് മങ്കട സ്വദേശിയായ 18കാരിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി ജൂലൈ ഒന്നിന് മരിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

ഇന്നലെ (വ്യാഴം) പാലക്കാട് മണ്ണാര്‍ക്കാട് നാട്ടുകല്‍ സ്വദേശിയായ 40കാരിക്ക് നിപ പോസിറ്റീവെന്ന് കണ്ടെത്തിയിരുന്നു. യുവതി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഔദ്യോഗിക സ്ഥിരീകരണത്തിനായി പൂനെ വൈറോളജി ലാബിലേക്ക് സാമ്പിള്‍ അയച്ചിരുന്നു.

അതേസമയം യുവതിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. നിലവില്‍ യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരിലും അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്.

Content Highlight: Mangkada native who died while undergoing treatment in Kozhikode also tested positive for Nipah