[] ബംഗളുരു: ഇന്ത്യയുടെ ആദ്യ ചൊവ്വാപര്യവേക്ഷണ ദൗത്യം മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. പേടകത്തിന്റെ ലാം എഞ്ചിന്‍ ജ്വലനം പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ലാം എഞ്ചിനും എട്ട് ചെറു എഞ്ചിനുകളും ജ്വലനം അവസാനിപ്പിച്ചതായി ഐ.എസ്.ആര്‍.ഒ. സ്ഥിരീകരിച്ചു.
7.41ന് ജ്വലനം പൂര്‍ത്തിയായെങ്കിലും രാവിലെ 8 മണിയോടെയാണ് വിജയസൂചന ലഭിച്ചത്. ഇതോടെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ സ്വന്തം പേടകം എത്തിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യവും പ്രഥമ ദൗത്യത്തില്‍ തന്നെ വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച രാജ്യമെന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തമായി.
പുലര്‍ച്ചെ 4:17:32 നു മീഡിയം ഗെയിന്‍ ആന്റിന ഉപയോഗിച്ച് മംഗള്‍യാനുമായി ആശയവിനിമയം ആരംഭിച്ചതോടെയാണ് ചരിത്ര മുഹൂര്‍ത്തത്തിലേക്ക് ഇന്ത്യ യാത്ര തിരിച്ചത്. പേടകം ചൊവ്വയുടെ ആകര്‍ഷണ വലയത്തിലേക്ക് കടക്കുന്നതിനായി മൊമന്റം വീല്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ ദിശ തിരിച്ചതോടെ മംഗള്‍യാന്‍ ഗ്രഹണം ആരംഭിച്ചു.
പേടകത്തിലെ ചെറുഎഞ്ചിനുകളുടെ സഹായത്തോടെ ദിശ ലക്ഷ്യത്തിലേക്ക് മാറ്റിയതോടെ 7:17 ന് ലാംഎഞ്ചിന്‍ പ്രവര്‍ത്തനം ആരംഭിച്ചു. എഞ്ചിന്‍ ജ്വലനം തുടങ്ങിയതോടെ പേടകം പൂര്‍ണമായി ചൊവ്വയുടെ നിഴലില്‍ മറഞ്ഞ് ആശയവിനിമയ ബന്ധം നഷ്ടമായി. എന്നാല്‍ 7:30:02 ന് എഞ്ചിനില്‍ ജ്വലനം തുടങ്ങിയെന്ന വിവരങ്ങള്‍ ലഭിച്ചു.
8 മണിയോടെയാണ് ഇന്ത്യയെ ചൊവ്വയുടെ മടിത്തട്ടിലെത്തിച്ച് മംഗള്‍യാന്‍ ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിയത്. ബംഗളുരുവിലെ ഇസ്ട്രാക്കില്‍ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാവാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രോ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍ അടക്കമുള്ള ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
ചൊവ്വയോട് 423 കിലോമീറ്റര്‍വരെ അടുത്തും 80000 കിലോമീറ്റര്‍ വരെ അകന്നുമുള്ള ദീര്‍ഘവൃത്തപഥത്തില്‍ സഞ്ചരിച്ച് മംഗള്‍യാന്‍ ചൊവ്വയെ വലം വെക്കും. 75.8 മണിക്കൂറാണ് ചൊവ്വയെ ഒരുതവണ വട്ടം ചുറ്റാനായി മംഗള്‍യാന് വേണ്ടി വരുന്ന സമയം.
