ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവതിക്ക് നേരെ ബലാത്സംഗ ശ്രമം. പീഡന ശ്രമം പരാജയപ്പെട്ടതോടെ പ്രതി മുഖത്ത് മൂത്രമൊഴിച്ചതായും ജാതി അധിക്ഷേപം നടത്തിയതായും യുവതി പൊലീസില്‍ പരാതി നല്‍കി. യു.പിയിലെ ബരാബങ്കി ജില്ലയിലാണ് സംഭവം.
ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാംസനെഹിഗട്ട് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് യുവതി ആക്രമിക്കപ്പെട്ടത്. യുവതിയുടെ പരാതിയില്‍ അഭിനവ് വര്‍മ എന്ന വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും രാംസനെഹിഗട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അങ്കിത് ത്രിപാഠി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞും യുവതിയും മാത്രമുള്ള സമയത്ത് പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.
ഒച്ച വെച്ചപ്പോള്‍ വായ പൊത്തിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും പരാതിയില്‍ പറയുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിനെ നിലത്ത് അറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചതോടെ പ്രതി വീണ്ടും യുവതിയെ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ പ്രതി മുഖത്ത് മൂത്രമൊഴിച്ചുവെന്നും ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നും യുവതി പറയുന്നു. അതിക്രമം നടന്ന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയുണ്ട്.
എന്നാല്‍ വൈകുന്നേരത്തോടെ കുടുംബാംഗങ്ങള്‍ വീട്ടിലെത്തിയതോടെ യുവതി വിവരം ധരിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പങ്കാളിയുടെ അമ്മയ്ക്കും അച്ഛനും ഒപ്പമാണ് യുവതി താമസിക്കുന്നത്. പങ്കാളി സൂറത്തില്‍ ജോലി ചെയ്യുകയാണ്. മാതാപിതാക്കള്‍ വീട്ടിലില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറിയത്.
Content Highlight: Man urinates on Dalit woman’s face after failed abuse attempt in UP