ആഗ്ര: യുനെസ്കോയുടെ സംരക്ഷിത പൈതൃക സ്ഥലമായ ഉത്തർപ്രദേശിലെ ആഗ്രയിലുള്ള താജ്മഹലിന്റെ ഉള്ളിൽ ഗംഗാജലം തളിച്ചെന്ന അവകാശവാദവുമായി കർണി സേനാപ്രവർത്തകൻ.
മുഗൾ ചക്രവർത്തി ഷാജഹാന്റെയും ഭാര്യ മുംതാസ് മഹലിന്റെയും ശവകുടീരത്തിലാണ് കർണി സേന പ്രവർത്തകനാണെന്ന് പറയുന്ന വ്യക്തി ഗംഗാജലം തളിച്ചെന്ന് അവകാശപ്പെടുന്നത്. സംഭവത്തിന് പിന്നാലെ താജ്മഹലിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ആശങ്കയുയർത്തി നിരവധിപേരെത്തി.
സംഭവത്തിന്റെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ ഗൗരവ് സിങ് ചൗഹാൻ മുഗൾ ചക്രവർത്തി ഷാജഹാന്റെയും ഭാര്യ മുംതാസ് മഹലിന്റെയും ശവകുടീരത്തിൽ ഗംഗാജലം തളിച്ചെന്ന് അവകാശപ്പെട്ടുകൊണ്ട് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയോയിൽ, താജ്മഹലിനുള്ളിൽ ചൗഹാൻ ഒരു പ്ലാസ്റ്റിക് കുപ്പിയുമായി നിൽക്കുന്നത് കാണാം. ഗംഗാജലം തളിച്ച ശേഷം, ചൗഹാൻ തള്ളവിരൽ ഉയർത്തി ‘ഹർ ഹർ മഹാദേവ്’ എന്ന് പറയുന്നതും കാണാം. താജ്മഹൽ മുമ്പ് ശിവന് സമർപ്പിച്ചിരുന്ന ‘തേജോ മഹാലയ’ ക്ഷേത്രമായിരുന്നുവെന്നും മുഗളന്മാർ അത് നശിപ്പിച്ചുവെന്നും ചൗഹാൻ അവകാശപ്പെട്ടു. അതേ സ്ഥലത്ത് ഒരു ക്ഷേത്രം പണിയുമെന്നും ചൗഹാൻ പ്രതിജ്ഞയെടുക്കുന്നുണ്ട്.
സംഭവം വിവാദമായതോടെ പുരാവസ്തു വകുപ്പും (എ.എസ്.ഐ) സുരക്ഷാ ഏജൻസികളും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘ഞങ്ങൾ സി.സി.ടി.വി ദൃശ്യങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സംഭവം സംഭവിക്കാൻ പാടില്ലായിരുന്നു,’ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
ഇതാദ്യമായല്ല താജ്മഹലിന് നേരെ ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, താജ്മഹൽ പരിസരത്ത് കുപ്പിയിൽ നിന്ന് വെള്ളം ഒഴിക്കുന്നത് കണ്ടതിനെ തുടർന്ന് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തങ്ങളുടെ അംഗങ്ങളാണെന്നും താജ്മഹൽ ഒരു ഹിന്ദു ക്ഷേത്രമാണെന്ന് വിശ്വസിക്കുന്നതിനാൽ ‘വിശുദ്ധ ഗംഗാജലം’ അർപ്പിച്ചുവെന്നും ഒരു പ്രാദേശിക വലതുപക്ഷ ഹിന്ദു സംഘടന അവകാശപ്പെട്ടിരുന്നു.