റോഡിലെ കുഴികള്‍ പെട്ടന്ന് അടക്കണമെന്ന് ഹൈക്കോടതി; പണി തുടങ്ങിയെന്ന് ദേശീയപാതാ അതോറിറ്റി
Kerala News
റോഡിലെ കുഴികള്‍ പെട്ടന്ന് അടക്കണമെന്ന് ഹൈക്കോടതി; പണി തുടങ്ങിയെന്ന് ദേശീയപാതാ അതോറിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th August 2022, 5:22 pm

കൊച്ചി: അങ്കമാലിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ അടിയന്തര ഇടപെടലുമായി ഹൈക്കോടതി. റോഡുകളിലെ കുഴികള്‍ എത്രയും പെട്ടന്ന് അടക്കണമെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

ഇന്ന് കോടതി അവധിയായിരുന്നെങ്കിലും വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇടപെടല്‍ നടത്തുകയായിരുന്നു. അമിക്കസ്‌ക്യൂറി വഴി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. റോഡിലെ കുഴികള്‍ സംബന്ധിച്ച കേസുകള്‍ തിങ്കളാഴ്ച പരിഗണിക്കും.

ദേശീയപാതാ അതോറിറ്റിയുടെ കേരള റീജ്യണല്‍ ഹെഡിനും പാലക്കാട് പ്രൊജക്ട് ഡയറക്ടര്‍ക്കുമാണ് അമിക്കസ്‌ക്യൂറി വഴി നിര്‍ദേശം നല്‍കിയത്. എന്നാല്‍ ജോലികള്‍ ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞുവെന്ന് ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചു.

പറവൂര്‍ സ്വദേശി ഹാഷിം ആണ് റോഡപകടത്തില്‍ മരിച്ചത്. ബൈക്ക് കുഴിയില്‍ വീണതിനെത്തുടര്‍ന്ന് റോഡിന് എതിര്‍വശത്തേക്ക് തെറിച്ചുവീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ച ഹാഷിം.

അതേസമയം റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ദേശീയപാതാ അതോറിറ്റിയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയ പാതയിലെ കുഴികള്‍ അടക്കാത്ത കരാറുകാര്‍ക്കും അവര്‍ക്കെതിരെ നടപടി എടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്നും, കുഴികള്‍ അടക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാല്‍ റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്നും, ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. അങ്കമാലിയിലേത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും, വ്യവസ്ഥിതി നടത്തിയ കൊലപാതകമാണെന്നും സതീശന്‍ ആരോപിച്ചു.

നിയമസഭയില്‍ നാഷണല്‍ ഹൈവേയിലും പി.ഡബ്ല്യൂ.ഡി റോഡുകളിലുമുള്ള കുഴികളേക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ പൊതുമരാമത്ത് മന്ത്രി തങ്ങളെ പരിഹസിച്ചെന്നും, കഴിഞ്ഞ വര്‍ഷം ഉള്ളത്ര കുഴികള്‍ ഇപ്പോള്‍ ഇല്ലെന്നാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Man died in accident on national highway; Kerala court interference