ലണ്ടന്‍: ബ്രിട്ടനില്‍ സിഖ് വംശജയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്ത് യു.കെ പൊലീസ്. കഴിഞ്ഞ ദിവസമാണ് ഓള്‍ഡ്ബറിലെ ടെയിം റോഡിന് സമീപം യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്തത്.
നീ ഈ രാജ്യക്കാരിയല്ല, നിന്റെ രാജ്യത്തേക്ക് മടങ്ങി പോ, എന്ന് പറഞ്ഞാണ് അക്രമികള്‍ യുവതിയെ ക്രൂരമായി ആക്രമിച്ചത്. ഇരുപത് വയസുള്ള സ്ത്രീയാണ് അക്രമത്തിന് ഇരയായത്.
അന്വേഷണത്തിന്റെ ഭാഗമായി മുപ്പത് വയസുള്ള ഒരു യുവാവിനെ ഞായറാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും കണ്ടെത്താനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ഈ വിഷയത്തില്‍ ആരും തന്നെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ നിയമനടപടികള്‍ ഇപ്പോള്‍ സജീവമാണെന്നും നീതിന്യായ വ്യവസ്ഥ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കേണ്ടതിന്റെ പ്രധാന്യത്തെ പറ്റിയും അവര്‍ പറഞ്ഞു.
ഓള്‍ഡ്ബറിയില്‍ യുവ സിഖ് യുവതിക്ക് നേരെ നടന്ന അതിക്രൂരമായ ആക്രമണത്തില്‍ താന്‍ അതീവ ദുഃഖിതയാണെന്നും ഇത് അങ്ങേയറ്റം ഭീകരമായ ഒരു പ്രവര്‍ത്തിയാണെന്നും പറഞ്ഞുകൊണ്ട് വെസ്റ്റ് മിഡ്ലാന്‍ഡ്സ് മേഖലയില്‍ നിന്നുള്ള ബ്രിട്ടീഷ് സിഖ് പാര്‍ലമെന്റ് അംഗം പ്രീത് കൗര്‍ ഗില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അടുത്തിടെ ബ്രിട്ടന്റെ തലസ്ഥാന നഗരിയായ ലണ്ടനില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വംശജര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ വംശജര്‍ക്ക് യു.കെയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭൂരിഭാഗം അതിക്രമങ്ങളും. ഇതിനുപിന്നാലെയാണ് സിഖ് വംശജക്കെതിരായ ലൈംഗികാതിക്രമം നടന്നത്.
Content highlight: Man arrested in UK for sexual assault on Sikh woman