ചിലരെ സ്‌ക്രീനില്‍ നമുക്ക് ഇഷ്ടമാവും മറ്റു ചിലരെ വ്യക്തിപരമായും, മമ്മൂക്കയെ വ്യക്തിപരമായി വലിയ ഇഷ്ടമാണ്; മംമ്ത
Entertainment
ചിലരെ സ്‌ക്രീനില്‍ നമുക്ക് ഇഷ്ടമാവും മറ്റു ചിലരെ വ്യക്തിപരമായും, മമ്മൂക്കയെ വ്യക്തിപരമായി വലിയ ഇഷ്ടമാണ്; മംമ്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th December 2020, 11:29 am

അഭിനയത്തിലും പാട്ടിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് മംമ്ത മോഹന്‍ദാസ്. 2020ന്റെ അവസാനത്തില്‍ നിര്‍മാണമേഖലയിലേക്കും മംമ്ത ചുവടുവെച്ചു. മംമ്ത നിര്‍മിച്ച ലോകമേ എന്ന മ്യൂസിക്ക് വീഡിയോ ഹിറ്റാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങളും ഇഷ്ടങ്ങളും തുറന്നുപറഞ്ഞിരിക്കുകയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത. തനിക്ക് ചിലരെ സ്‌ക്രീനില്‍ കാണാനാണ് ഇഷ്ടമെങ്കില്‍ ചിലരെ വ്യക്തിപരമായാണ് ഇഷ്ടമെന്നാണ് മംമ്ത പറയുന്നത്. മമ്മൂക്കയെ വ്യക്തിപരമായി വലിയ ഇഷ്ടമാണെന്നും സ്‌ക്രീനില്‍ അദ്ദേഹത്തെ കാണുന്നപോലയേ അല്ല വ്യക്തിജീവിതത്തില്‍ എന്നും മംമ്ത പറയുന്നു.

മ്യൂസിക്ക് ആല്‍ബം നിര്‍മിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചുവെന്നും ഇനി സിനിമ നിര്‍മിക്കാനാണ് ആഗ്രഹമെന്നും നടി കൂട്ടിച്ചേര്‍ത്തു.

നേരത്തേ സിനിമാ മേഖലയിലെ വിവേചനത്തെക്കുറിച്ച് മംമ്ത പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു.
തനിക്ക് ഇതുവരെ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അതിനാല്‍ അത് ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നുമാണ് മംമ്ത പറഞ്ഞിരുന്നത്. ആര്‍.ജെ മൈക്കുമായുള്ള അഭിമുഖത്തിലാണ് മംമ്ത ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

ഇതുവരെയില്ലാത്ത ഒരു സ്ത്രീശാക്തീകരണം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ എങ്ങനെ ഉണ്ടായി എന്ന് അറിയില്ലെന്നും അഭിമുഖത്തില്‍ മംമ്ത പറയുന്നു. തന്നെ തന്റെ അച്ഛന്‍ ആണ്‍കുട്ടിയെ വളര്‍ത്തുന്നതുപോലെയാണ് വളര്‍ത്തിയതെന്നും അതിനാല്‍ ചെറുപ്പത്തിലൊന്നും വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും നടി അഭിപ്രായപ്പെട്ടു. ‘സ്ത്രീകള്‍ എന്തിനാണ് എപ്പോഴും പരാതിപ്പെടുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, നിങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം നിങ്ങള്‍ ചെയ്യൂ എന്നാണ് എല്ലാ പെണ്‍കുട്ടികളോടും എനിക്ക് പറയാനുള്ളത്’, മംമ്ത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamtha Mohandas about Mammooty