സാധാരണത്തെ പോലെ വെടിവെക്കുകയൊന്നുമല്ല, ഇത് വെട്ടാണ്; ചോര പുരണ്ട വസ്ത്രത്തില്‍ കാരവനിലിരുന്ന് മമ്മൂക്ക പറഞ്ഞു: ഭീഷ്മ ഷൂട്ടിങ്ങിനെ കുറിച്ച് ഫിസിക്കല്‍ ട്രെയ്‌നര്‍
Movie Day
സാധാരണത്തെ പോലെ വെടിവെക്കുകയൊന്നുമല്ല, ഇത് വെട്ടാണ്; ചോര പുരണ്ട വസ്ത്രത്തില്‍ കാരവനിലിരുന്ന് മമ്മൂക്ക പറഞ്ഞു: ഭീഷ്മ ഷൂട്ടിങ്ങിനെ കുറിച്ച് ഫിസിക്കല്‍ ട്രെയ്‌നര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th October 2022, 3:39 pm

ഭീഷ്മ പര്‍വ്വം ഷൂട്ടിങ് സമയത്തുള്ള മമ്മൂട്ടിയുടെ ഫിസിക്കല്‍ ട്രെയ്‌നിങ്ങിനെ കുറിച്ചും അതിനായി അദ്ദേഹം നടത്തിയ ശ്രമത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മമ്മൂട്ടിയുടെ പേഴ്‌സണല്‍ ജിം ട്രെയ്‌നര്‍ വിപിന്‍ സേവ്യര്‍.

ഓരോ ദിവസവും നവീകരിക്കുന്ന ആളാണ് മമ്മൂക്കയെന്നും കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മമ്മൂക്കയെ ട്രെയ്ന്‍ ചെയ്യിക്കുന്ന തനിക്ക് ഇപ്പോഴും ഓരോ ദിവസം അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോഴും പുതുമയാണെന്നും സേവ്യര്‍ പറയുന്നു.

ഭീഷ്മ പര്‍വത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ നടക്കുന്ന സമയത്ത് തന്നെ ലൊക്കേഷനിലേക്ക് വിളിപ്പിച്ചതിനെ കുറിച്ചും മൂവീമാന് നല്‍കിയ അഭിമുഖത്തില്‍ വിപിന്‍ സേവ്യര്‍ പറഞ്ഞു.

എം.ജി റോഡിലാണ് ഭീഷ്മയിലെ ഒരു ഫൈറ്റ് ചിത്രീകരിച്ചത്. ഒരു ദിവസം എന്നെ വിളിച്ച് ആ വഴി ഒന്ന് വരാന്‍ പറഞ്ഞു. ഞാനും മകളുമായാണ് പോകുന്നത്. മമ്മൂക്കയുടെ ഓട്ടോഗ്രാഫൊക്കെ വാങ്ങിക്കാനാണ് മകള്‍ വന്നത്. ഞങ്ങള്‍ ചെന്നപ്പോള്‍ അദ്ദേഹം കാരവനില്‍ ഇരിക്കുകയാണ്.

റോബോട്ടിക് ഫൈറ്റാണ് നടക്കുന്നത്. സാധാരണ സിനിമയിലേതുപോലെ വെടിവെപ്പൊന്നുമല്ലട്ടോ ഇത് വെട്ടാണ് എന്ന് എന്നോട് പറഞ്ഞു. സാധാരണ നമ്മള്‍ പത്ത് മുപ്പത് പേരെ വെട്ടിയിടുകയാണല്ലോ. ഇത് മമ്മൂക്ക വെട്ട് മേടിക്കുന്നുണ്ട്. ആ ഡ്രസ് ഇട്ടുകൊണ്ടാണ് കാരവനില്‍ ഇരിക്കുന്നത്.

ചോര നിറത്തിലുള്ള പാടൊക്കെ വസ്ത്രത്തിലുണ്ട്. പുതിയ ക്യാമറയൊക്കെയാണ് ഉപയോഗിച്ചിരിക്കുന്നത്. റോബോട്ടിക് ക്യാമറയാണെന്ന് പറഞ്ഞു. ആണോ അപ്പോള്‍ സുഖമാണല്ലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അത്ര സുഖമൊന്നുമല്ലെന്നായിരുന്നു മമ്മൂക്കയുടെ മറുപടി.

സാധാരണ ആളുകള്‍ ചലിക്കുന്നതിന് അനുസരിച്ചാണല്ലോ ക്യാമറയുടെ മൂവ്‌മെന്റ്. ഇത് അങ്ങനെയല്ലെന്ന് പറഞ്ഞു. പൊസിഷന്‍ മാര്‍ക്ക് ചെയ്തുകഴിഞ്ഞാല്‍ ക്യാമറ ആദ്യം വരും. ആള്‍ വന്നില്ലെങ്കിലും ക്യാമറ അവിടെ എത്തും. അതിനനുസരിച്ച് നമ്മള്‍ മാറണം. അത് ഈസി ടാസ്‌കല്ല. അതൊക്കെ വളരെ ഭംഗിയായി മമ്മൂക്ക ചെയ്തു. ആ വീഡിയോ എല്ലാം അന്ന് വലിയ വൈറലായിരുന്നു. അത്തരത്തില്‍ പ്രൊഫഷനോടും മാറുന്ന ടെക്‌നോളജിയോടും കാലഘട്ടത്തോടുമെല്ലാം അദ്ദേഹം മത്സരിക്കും. ഫിറ്റ്‌നെസും സൗണ്ട് മോഡുലേഷനുമെല്ലാം അദ്ദേഹം അത്രയ്ക്ക് ശ്രദ്ധിക്കും.

അടുത്തിടെ അദ്ദേഹത്തിന് ഒരു ഫങ്ഷന് പോകാനുണ്ടായിരുന്നു. തലേദിവസം ഞാന്‍ ചോദിച്ചു, നാളെ ഫങ്ഷനല്ലേ എന്താണ് ഡ്രസെന്ന്. എന്തെങ്കിലുമൊക്കെ ഇടണം എന്നായിരുന്നു മറുപടി. ശരിയാണ് അദ്ദേഹം എന്തെങ്കിലും ഇട്ടാല്‍ മതി. അത് പിന്നെ ട്രെന്‍ഡാണ്. പല കളറിലുള്ള ഷര്‍ട്ടൊക്കെ അടുത്തിടെ ട്രെന്‍ഡിങ്ങായിരുന്നല്ലോ.

സാധാരണക്കാരായ ആരെങ്കിലും ഇട്ടാല്‍ അതത്ര ഭംഗിയാകില്ല. എന്റെ മകള്‍ അതേ പാറ്റേണില്‍ എനിക്ക് ഒരു ഷര്‍ട്ട് ഓര്‍ഡര്‍ ചെയ്തു. ഞാനിട്ടിട്ട് ഒരു കാശിനും കൊള്ളില്ല. അത് വീട്ടില്‍ കിടക്കുന്നുണ്ട്. മമ്മൂക്ക പക്ഷേ ഒരു ലുങ്കിയുടുത്ത് ഇറങ്ങിയാലും ആ ഒരു ഓറയുണ്ട്.

മമ്മൂക്ക തന്നെ അടുത്തിടെ പറഞ്ഞിട്ടുണ്ട്, ജിമ്മിലൊക്കെ കുറേ വന്നാല്‍ ചിലര്‍ക്ക് മടുക്കുമെന്ന്. പക്ഷേ മമ്മൂക്കയില്‍ ഞാനത് കണ്ടിട്ടില്ല. 2007 ല്‍ തുടങ്ങിയതാണ്. പക്ഷേ ഇപ്പോഴും ഓരോ ദിവസവും അദ്ദേഹത്തെ ട്രെയ്ന്‍ ചെയ്യിക്കാന്‍ വരുമ്പോള്‍ അദ്ദേഹത്തിന് ഒരു പുതുമയുണ്ട്. ഭയങ്കര എനര്‍ജിയാണ് അദ്ദേഹത്തില്‍ നിന്നും നമുക്ക് കിട്ടുന്നത്. അത്തരത്തില്‍ ഏറെ പഠിക്കാനുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്, വിപിന്‍ പറഞ്ഞു.

Content Highlight: Mammoottys Physical Gym Trainer Vipin Xavier remember Bheeshmaparvam shoot