എന്നെക്കുറിച്ച് പറയുന്നത് കേട്ട് അതിശയിച്ചുപോയി, നമ്മള്‍ വിചാരിക്കുന്ന പോലെയല്ല അദ്ദേഹം: സുരാജ് വെഞ്ഞാറമൂട്
Entertainment news
എന്നെക്കുറിച്ച് പറയുന്നത് കേട്ട് അതിശയിച്ചുപോയി, നമ്മള്‍ വിചാരിക്കുന്ന പോലെയല്ല അദ്ദേഹം: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th October 2022, 3:12 pm

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ സിനിമയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത എം.മുകുന്ദന്റെ കഥകളിലൊന്നായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം.

ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയതും എം.മുകുന്ദനാണ്. ഒരു ഇടവേളക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ തിരിച്ചുവരുന്ന ചിത്രമാണെന്ന പ്രത്യേകതയും ഓട്ടോറിക്ഷക്കാരന്റെ ഭാര്യക്കുണ്ട്.

ആദ്യമായി എം.മുകുന്ദനുമായി വര്‍ക്ക് ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.അത്രയും വലിയ എഴുത്തുകാരന്റെ കൂടെ സമയം ചെലവഴിച്ചത് വലിയ കാര്യമായാണ് താന്‍ കാണുന്നതെന്നും ഓട്ടോറിക്ഷക്കാരന്റെ ഭാര്യയെന്ന കഥയെഴുതുമ്പോഴുള്ള അനുഭവങ്ങളെല്ലാം തനിക്ക് പറഞ്ഞു തന്നെന്നും സുരാജ് പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് എം.മുകുന്ദനെക്കുറിച്ച സുരാജ് പറഞ്ഞത്.

”സെറ്റിലേക്ക് ചെല്ലുമ്പോള്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുളളത് മുകുന്ദന്‍ സാറിനെയാണ്. എനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയമില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെയാണ് എം.മുകുന്ദന്‍ എന്ന വ്യക്തിയെ ഞാന്‍ അറിഞ്ഞിട്ടുള്ളത്. അഭിമുഖങ്ങളില്‍ പോലും അദ്ദേഹത്തെ കണ്ടിട്ടില്ല.

ആദ്യമായിട്ട് മുകുന്ദന്‍ സാറിനെ കാണാന്‍ വീട്ടില്‍ പോകുന്നു. സിനിമയുടെ സെറ്റില്‍ സാര്‍ വരുന്നു. അങ്ങനെ സാറുമായി ഒരുപാട് സമയം ചെലവഴിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി.

അത്രയും വലിയ എഴുത്തുകാരന്റെ കൂടെ സമയം ചെലവഴിക്കുക എന്ന് പറയുന്നത് വലിയ കാര്യമായാണ് ഞാന്‍ കാണുന്നത്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യയെന്ന കഥയെഴുതുമ്പോഴുള്ള അനുഭവങ്ങളെല്ലാം എനിക്ക് പറഞ്ഞു തന്നു.

എന്റെ സിനിമകളെക്കുറിച്ചും ഞാന്‍ അവതരിപ്പിച്ച പരിപാടികളെക്കുറിച്ചുമെല്ലാം അദ്ദേഹം പറയുന്ന കേട്ടു ഞാന്‍ അതിശയിച്ച് നിന്നുപോയിട്ടുണ്ട്. എന്റെ വിചാരം അദ്ദേഹത്തിന് ഇതിനൊന്നുമുള്ള സമയം കിട്ടില്ല, മുഴുവന്‍ സമയവും എഴുത്താണെന്നായിരുന്നു. എന്നാല്‍ അങ്ങനെയല്ല ഇതെല്ലാം കാണാറുണ്ട്. നമ്മള്‍ വിചാരിക്കുന്ന പോലെയല്ല, അദ്ദേഹം വളരെ രസികനും തമാശക്കാരനുമായ വ്യക്തിയാണ്,” സുരാജ് പറഞ്ഞു.

content highlight: suraj venjaramood talking about his experience with m.mukundan