രാജമാണിക്യത്തിനും അണ്ണന്‍ തമ്പിക്കും ശേഷം മമ്മൂട്ടിയും അന്‍വര്‍ റഷീദും വീണ്ടുമൊന്നിക്കുന്നു
Entertainment
രാജമാണിക്യത്തിനും അണ്ണന്‍ തമ്പിക്കും ശേഷം മമ്മൂട്ടിയും അന്‍വര്‍ റഷീദും വീണ്ടുമൊന്നിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th October 2022, 10:22 am

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നിരവധി സിനിമാ ട്രാക്കിങ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പേജുകളുമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ആര്‍.ജെ. മുരുകനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതെന്നും അമല്‍ നീരദായിരിക്കും ഛായാഗ്രഹണമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഓദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നും ഇതില്‍ പറയുന്നുണ്ട്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ രാജമാണിക്യം മമ്മൂട്ടിയുടെ കരിയറിലെ തന്നെ വ്യത്യസ്തമായ വേഷങ്ങളിലൊന്ന് നല്‍കിയ സിനിമയായിരുന്നു. തിരുവനന്തപുരം സ്ലാങ്ങില്‍ ഡയലോഗ് അടിച്ച് കേരളത്തെ മുഴുവന്‍ കയ്യിലെടുത്ത രാജമാണിക്യം ഇന്നും പലരുടെയും പ്രിയപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങളിലൊന്നാണ്. 2005ലായിരുന്നു രാജമാണിക്യം തിയേറ്ററുകളിലെത്തിയത്.

പിന്നീട് 2007ല്‍ മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ അണ്ണന്‍ തമ്പിയും തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് വീണ്ടും മമ്മൂട്ടിക്കൊപ്പമെത്തുമ്പോള്‍ ഒരു സൂപ്പര്‍ ഹിറ്റിന് വേണ്ടി തന്നെയായിരിക്കും ആരാധകര്‍ കാത്തിരിക്കുക.

മാസും കോമഡിയും ഇമോഷന്‍സുമെല്ലാം കലര്‍ന്നെത്തി ഹിറ്റടിക്കുന്ന അന്‍വര്‍ റഷീദ് മാജികിന്റെ ആവര്‍ത്തനവും മമ്മൂട്ടിയുടെ ഈയടുത്ത കാലത്തെ അതിഗംഭീര സെലക്ഷനും ഈ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

മമ്മൂട്ടി തന്നെ നിര്‍മിക്കുന്ന ജിയോ ബേബി ചിത്രം കാതലിന്റെ ഷൂട്ടിലാണ് മമ്മൂട്ടിയിപ്പോള്‍. ജ്യോതികയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.

റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന കാതല്‍ – ദ കോറിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

അതേസമയം ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളിലെത്തിയ റോഷാക്ക് മികച്ച കളക്ഷനാണ് നേടിയത്. ഇപ്പോഴും ഷോ തുടരുന്ന ചിത്രം കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും മികച്ച പ്രതികരണം നേടിയിരുന്നു.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.

Content Highlight: Mammootty with Anwar Rasheed in new movie, Amal Neerad as camera person