സംസ്ഥാന സ്‌കൂള്‍ കലോത്സവം; സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി മമ്മൂട്ടി
Entertainment news
സംസ്ഥാന സ്‌കൂള്‍ കലോത്സവം; സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st December 2023, 1:38 pm

62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മമ്മൂട്ടി മുഖ്യാതിഥിയാവും. കൊല്ലം ജില്ലയിലാണ് ഇത്തവണ സ്‌കൂള്‍ കലോത്സവം നടക്കുന്നത്. ജനുവരി നാലിന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകും. വിവിധ വകുപ്പ് മന്ത്രിമാരും എം.എല്‍.എമാരും നടി നിഖില വിമലും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. നടിയും നര്‍ത്തകിയുമായ ആശ ശരത്ത് അവതരിപ്പിക്കുന്ന സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരവും ഉണ്ടാവും.

ജനുവരി എട്ടിനാണ് സമാപന സമ്മേളനം നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. വി. ശിവന്‍കുട്ടി സമ്മാനദാനം നിര്‍വഹിക്കും.

ആദ്യ ദിവസം 23 വേദികളിലായാണ് മത്സരങ്ങള്‍. മോഹിനിയാട്ടമാണ് ആദ്യ മത്സര ഇനം. ഗോത്രകല ഇത്തവണ ഉദ്ഘാടന ദിവസത്തില്‍ കലോത്സവത്തിന്റെ ഭാഗമാകും. വേദിയിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇന്‍ഷുറന്‍സ് നല്‍കും.

2008ന് ശേഷമാണ് കൊല്ലത്തേക്ക് സ്‌കൂള്‍ കലോത്സവം എത്തുന്നത്. ആശ്രാമം മൈതാനത്ത് അടക്കം അഞ്ച് ദിവസങ്ങളില്‍ ആയി 24 വേദികളില്‍ മത്സരങ്ങള്‍ നടക്കും.

അതേസമയം കലോത്സവത്തില്‍ ആദ്യമായി പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. കുട്ടികള്‍, രക്ഷിതാക്കള്‍, ഉദ്യോഗസ്ഥര്‍, കാണികള്‍ ഉള്‍പ്പെടെ എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സാണ് ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി അറിയിച്ചു.

Content Highlight: Mammootty will be the chief guest at the concluding session of the 62nd State School Arts Festival