സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറാണ് നായകന്‍. ഹൈദരാബാദ്, മുംബൈ, ദുബായ്, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. നിലവില്‍ കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്.
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഐ ആം ഗെയിമിന്റെ ലൊക്കേഷന്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. സെറ്റിലെത്തിയ മമ്മൂട്ടി ക്രൂ അംഗങ്ങളോടൊപ്പവും നഹാസിനോടും സംസാരിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം വൈറലായി മാറി. സെറ്റില്‍ ദുല്‍ഖറില്ലാത്ത സമയത്താണ് മമ്മൂട്ടി സന്ദര്‍ശനം നടത്തിയതെന്നാണ് സൂചന.
ഐ ആം ഗെയിമിന്റെ സെറ്റില്‍ മമ്മൂട്ടി Photo: Friday Matinee/ X.com
മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചുള്ള ഒരു ഫോട്ടോ പോലുമില്ലാത്തതാണ് ആരാധകരെ നിരാശരാക്കിയത്. എന്നാല്‍ ഐ ആം ഗെയിമില്‍ മമ്മൂട്ടിയുടെ അതിഥിവേഷം ഉണ്ടാകുമോ എന്നാണ് പലരുടെയും ചോദ്യം. ഇരുവരെയും ഒന്നിച്ച് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഐ ആം ഗെയിം അതിന് വഴിയൊരുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ദുല്‍ഖര്‍ നിര്‍മിച്ച ലോകഃ ചാപ്റ്റര്‍ വണ്ണില്‍ മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. മൂത്തോന്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് മമ്മൂട്ടിയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടിയുമുണ്ടാകുമെന്ന് ദുല്‍ഖര്‍ അടുത്തിടെ വ്യക്തമാക്കി. ലോകഃ ചാപ്റ്റര്‍ 2വില്‍ മമ്മൂട്ടിയെയും ദുല്‍ഖറിനെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ.
അതേസമയം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്. സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. നിലവില്‍ ഐ ആം ഗെയിം അവസാനഘട്ട ഷൂട്ടിലാണ്. 2026 മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. 2026 ഓണം റിലീസായി ഐ ആം ഗെയിം പ്രേക്ഷകരിലേക്കെത്തും.
ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസ് പെപ്പേയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. കയേദു ലോഹറാണ് ഐ ആം ഗെയിമിലെ നായിക. തമിഴ് താരങ്ങളായ മിഷ്‌കിന്‍, കതിര്‍, സാന്‍ഡി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മിക്കുന്നത്.