എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. വടക്കന്‍പാട്ട് കഥകളെ ആധാരമാക്കി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. നാല് ദേശീയ അവാര്‍ഡുകളും എട്ട് സംസ്ഥാന അവാര്‍ഡുകളും നേടിയ ചിത്രം ഇന്നും ക്ലാസിക്കായി വാഴ്ത്തപ്പെടുന്നുണ്ട്. ഇന്നലെ (ഫെബ്രുവരി ഏഴ്) ചിത്രം റീ റിലീസ് ചെയ്തിരുന്നു.
ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തെ കുറിച്ചും എം.ടി വാസുദേവന്‍ നായരെ കുറിച്ചും സംസാരിക്കുകയാണ് മമ്മൂട്ടി. വടക്കന്‍ പാട്ടുകളുടെ പൊളിച്ചെഴുത്താണ് ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രമെന്നും ചന്തുവിന്റെ ഭാഗത്തുനിന്ന് കഥകളെ നോക്കിക്കാണാനാണ് വടക്കന്‍ വീരഗാഥ ശ്രമിച്ചതെന്നും മമ്മൂട്ടി പറയുന്നു.
എം.ടി. ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ എനിക്ക് മറ്റ് ഉപാധികളോ വ്യവസ്ഥകളോ ഇല്ലായിരുന്നു. നിരുപാധികം അംഗീകരിക്കുക മാത്രം. അദ്ദേഹം എനിക്ക് ഗുരുതുല്യനും ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനുമായിരുന്നു – മമ്മൂട്ടി
എം.ടി. ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ തനിക്ക് മറ്റ് ഉപാധികളോ വ്യവസ്ഥകളോ ഇല്ലെന്നും നിരുപാധികം അംഗീകരിക്കുക മാത്രമാണ് ചെയ്യുകയെന്നും മമ്മൂട്ടി പറഞ്ഞു. അദ്ദേഹം തനിക്ക് ഗുരുതുല്യനും താന്‍ എം.ടിയുടെ കടുത്ത ആരാധകനുമാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
‘വടക്കന്‍ പാട്ടുകളുടെ പൊളിച്ചെഴുത്താണ് ഒരു വടക്കന്‍ വീരഗാഥ, എം.ടി.യുടെ തൂലികയില്‍ പിറന്ന ശക്തമായ ചലച്ചിത്രകാവ്യം. ചന്തുവിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് അവിടെ സിനിമയ്ക്കായൊരു തലം സൃഷ്ടിക്കുകയെന്ന വലിയൊരു സാഹസമാണ് അദ്ദേഹം നടത്തിയത്. വടക്കന്‍ പാട്ടുകള്‍ എന്നത് ചരിത്ര സത്യങ്ങളല്ല, ഗായകന്‍മാരുടെ മനോധര്‍മം അനുസരിച്ചുള്ള കൂട്ടിച്ചേര്‍ക്കലുകളും അഴിച്ചുമാറ്റലുകളുമുണ്ടാകും. വായ്‌മൊഴിവഴക്കങ്ങളിലൂടെ സഞ്ചരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു.
എം.ടി, സിനിമയില്‍ ശ്രമിച്ചതും വലിയൊരു മാറ്റമുണ്ടാക്കാനാണ്. വര്‍ഷങ്ങളായി ചതിയനെന്ന മുദ്രപേറിയ ഒരു കഥാപാത്രത്തിന് അദ്ദേഹത്തിന്റെ എഴുത്തിലൂടെ മറ്റൊരു മാനം കൈവന്നു.
അദ്ദേഹം എനിക്ക് ഗുരുതുല്യനും ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനുമായിരുന്നു.
എം.ടി. ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ എനിക്ക് മറ്റ് ഉപാധികളോ വ്യവസ്ഥകളോ ഇല്ലായിരുന്നു. നിരുപാധികം അംഗീകരിക്കുക മാത്രം. എന്റെ സിനിമാ പ്രവേശത്തിന് മുമ്പ് കണ്ണാടിക്ക് മുന്നില്‍ നിന്ന് അഭിനയിച്ച് പരിശീലിച്ചതിലധികവും അദ്ദേഹത്തിന്റെ നോവലിലേയും കഥകളിലേയും കഥാപാത്രങ്ങളായിരുന്നു. വളരെക്കാലം എന്റെ സംസാരശൈലിയില്‍ പോലും ഇത്തരം കഥാപാത്രങ്ങളുടെ ഭാഷാശൈലിയുടെ സ്വാധീനമുണ്ടായിരുന്നു,’ മമ്മൂട്ടി പറയുന്നു.