ഇത്രപെട്ടെന്ന് പോകേണ്ട ഒരാളല്ല ആ നടന്‍; പക്ഷേ കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി, നമുക്ക് കാണികളായി നില്‍ക്കാനേ കഴിയൂ: മമ്മൂട്ടി
Entertainment
ഇത്രപെട്ടെന്ന് പോകേണ്ട ഒരാളല്ല ആ നടന്‍; പക്ഷേ കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി, നമുക്ക് കാണികളായി നില്‍ക്കാനേ കഴിയൂ: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 19th June 2025, 1:17 pm

തന്റെ കഥാപാത്രങ്ങളിലൂടെയും നാടന്‍പാട്ടുകളിലൂടെയും മലയാളികള്‍ക്കിടയില്‍ ജീവിക്കുന്ന നടനാണ് കലാഭവന്‍ മണി. മലയാളത്തിലെയും തമിഴിലെയും പ്രധാന അഭിനേതാക്കളോടൊപ്പമെല്ലാം കലാഭവന്‍ മണി അഭിനയിച്ചിട്ടുണ്ട്.

കലാഭവന്‍ മണിയെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. ആള്‍ക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കും വിധം നാടന്‍ പാട്ടുകളെ ശക്തമായി അവതരിപ്പിച്ചതില്‍ കലാഭവന്‍ മണിക്ക് വലിയ പങ്കുണ്ടെന്ന് മമ്മൂട്ടി പറയുന്നു. വിദേശരാജ്യങ്ങളില്‍ മലയാളികള്‍ക്കൊപ്പം മലയാളം അറിയാത്തവര്‍ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നത് അത്ഭുതത്തോടെ താന്‍ നോക്കിനിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കലാഭവന്‍ മണിയുടെ അവസാനകാലത്ത് അദ്ദേഹത്തെ ക്ഷീണിതനായി കണ്ടെന്നും അതെകുറിച്ച് ചോദിച്ചപ്പോള്‍ പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു മറുപടിയൊന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ഇത്രപെട്ടെന്ന് പോകേണ്ട ഒരാളല്ല മണിയെന്നും എന്നാല്‍ കാലം തട്ടിപ്പറിച്ചുകൊണ്ടുപോയപ്പോള്‍ കാണികളായി നില്‍ക്കാന്‍ മാത്രമേ നമുക്ക് കഴിയുകയുള്ളൂവെന്നും മമ്മൂട്ടി പറയുന്നു. മുമ്പ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആള്‍ക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കും വിധം നാടന്‍ പാട്ടുകളെ ശക്തമായി അവതരിപ്പിച്ചതില്‍ മണിക്ക് വലിയ പങ്കുണ്ട്. ഒരുപാട് പാട്ടുകള്‍ മണി തേടിപ്പിടിച്ചു കണ്ടെത്തി അവതരിപ്പിച്ചു. അറിയാവുന്നവരെക്കൊണ്ടെല്ലാം എഴുതിച്ചു. സ്വന്തമായൊരു ഗായകസംഘമുണ്ടായി. വിദേശരാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ക്കൊപ്പം മലയാളം അറിയാത്തവര്‍ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്.

അവസാനകാലത്ത് മണിയെ ക്ഷീണിതനായി കണ്ടപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു മണിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. മണി ഇത്രപെട്ടെന്ന് പോകേണ്ട ഒരാളല്ല. പക്ഷേ കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി. നമുക്ക് കാണികളായി നില്‍ക്കാനേ കഴിയൂ,’ മമ്മൂട്ടി പറയുന്നു.

Content highlight: Mammootty Talks About Kalabhavan Mani