ഭാരതി സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് മറുമലര്‍ച്ചി. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ദേവയാനി, കലാഭവന്‍ മണി, രഞ്ജിത്ത്, മന്‍സൂര്‍ അലി ഖാന്‍, മനോരമ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മറുമലര്‍ച്ചി എന്ന ചിത്രത്തില്‍ വടിവേലു അവതരിപ്പിക്കേണ്ട കഥാപാത്രമാണ് കലാഭവന്‍ മണി ചെയ്തതെന്ന് മമ്മൂട്ടി പറയുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ വടിവേലുവിന് വരാന്‍ കഴിഞ്ഞില്ലെന്നും പകരക്കാരനെ അന്വേഷിച്ചപ്പോള്‍ താനാണ് കലാഭവന്‍ മണിയുടെ പേര് പറഞ്ഞതെന്നും മമ്മൂട്ടി പറയുന്നു.
സെറ്റില്‍ വെച്ച് കലാഭവന്‍ മണിക്ക് അപകടമുണ്ടായെന്നും എന്നാല്‍ അതൊന്നും വകവെക്കാതെ അദ്ദേഹം അഭിനയം തുടര്‍ന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ആ സിനിമക്ക് ശേഷം തെലുങ്കിലേക്കും മണിക്ക് അവസരം ലഭിച്ചുവെന്നും അപ്പോള്‍ മണി തന്നെ വിളിച്ച് ചോദിച്ചെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
‘മറുമലര്‍ച്ചി എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയം. വടിവേലുവിന് അതിലൊരു വേഷമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന് അസൗകര്യം. പകരക്കാരനുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. അന്വേഷണം എന്റെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ മണിയുടെ പേര് പറഞ്ഞു, ഒപ്പം ഒരു നിബന്ധനയും വച്ചു, ‘വിളിച്ചു വരുത്തിയശേഷം വേഷം നല്‍കാതെ വിടരുത്, അയാള്‍ മലയാളത്തിലെ തിരക്കുള്ള നടനാണ്’എന്ന്.
അവര്‍ വിളിച്ചപ്പോള്‍ തമിഴ് അറിയില്ലെന്ന് പറഞ്ഞ് മണി ആദ്യമൊന്ന് വലിയാന്‍ നോക്കി. ഞാന്‍ വിളിച്ചപ്പോള്‍ മണി പറന്നെത്തി. സംസാരിച്ച് ഫോണ്‍ വെച്ചതിന്റെ അടുത്തനാള്‍ തന്നെ മണി തിരുവണ്ണാമലയിലെ ലൊക്കേഷനിലെത്തി. മറുമലര്‍ച്ചിയില്‍ തെങ്ങ് കയറുന്ന ഒരു രംഗമുണ്ട്.
സല്ലാപത്തിലൊക്കെ തെങ്ങുകയറ്റം കണ്ടതിനാല്‍ എനിക്ക് പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല. പക്ഷേ, സെറ്റിലുള്ളവര്‍ കണ്ണുമിഴിച്ച് നിന്നാണ് ആ കാഴ്ച്ച കണ്ടത്.
സെറ്റില്‍ വെച്ചുണ്ടായ ഒരപകടം ഇന്നും ഓര്‍മയിലുണ്ട്, തെങ്ങില്‍ നിന്നുവീണ് മണിയുടെ കാലുളുക്കി. പക്ഷേ, അതു വകവയ്ക്കാതെ അഭിനയം തുടര്‍ന്നു. അതായിരുന്നു മണി. പെട്ടെന്നൊന്നും തോല്‍ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. തമിഴിന് ശേഷം തെലുങ്കിലേക്ക് ക്ഷണം വന്നപ്പോള്‍ മണി എന്നെ വിളിച്ചു. ധൈര്യമായി സ്വീകരിക്കാനാണ് ഞാന്‍ പറഞ്ഞത്. അവസരങ്ങള്‍ തേടിവരുമ്പാള്‍ അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന വാക്കുകള്‍ മണി ശ്രദ്ധയോടെ ചെവിക്കൊണ്ടു,’ മമ്മൂട്ടി പറയുന്നു.