മമ്മൂട്ടിയുടെ ഔദ്യോഗിക പേജില്‍ സഹായം അഭ്യര്‍ഥിച്ച പുനലൂര്‍ സ്വദേശിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് മമ്മൂട്ടി ഏറ്റെടുത്തു
Entertainment
മമ്മൂട്ടിയുടെ ഔദ്യോഗിക പേജില്‍ സഹായം അഭ്യര്‍ഥിച്ച പുനലൂര്‍ സ്വദേശിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് മമ്മൂട്ടി ഏറ്റെടുത്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th April 2019, 11:25 pm

മമ്മൂട്ടിയുടെ ഔദ്യോഗിക പേജില്‍ സഹായം അഭ്യര്‍ഥിച്ച പുനലൂര്‍ സ്വദേശി പ്രേംകുമാറിന് സഹായവുമായി മമ്മൂട്ടി. പ്രേംകുമാറിന് മമ്മൂട്ടി ഫാന്‍സ് പിന്തുണയറിച്ചതിന് പിന്നാലെ പ്രേംകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് മമ്മൂട്ടി ഏറ്റെടുക്കുകയായിരുന്നു.

മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മധുരരാജ പോസ്റ്ററിന് താഴെ വീടും സ്ഥലവുമില്ലെന്ന് ആരാധകന്‍ കൂടിയായ പ്രേംകുമാര്‍ കമന്റ് ചെയ്യുകയായിരുന്നു.

”ഞാന്‍ അസുഖ ബാധിതനായി നാലുവര്‍ഷമായി കിടപ്പിലാണ്. എന്റെ വീടും സ്ഥലവും ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക”-എന്നായിരുന്നു കമന്റ്.

ഇത് ശ്രദ്ധയില്‍പ്പെട്ട ഫാന്‍സ് വിഷയം ഏറ്റെടുക്കുകയായിരുന്നു. വിവരം ശ്രദ്ധയില്‍പ്പെട്ടതായി മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഉടനടി വിഷയം പഠിക്കാന്‍ ഓഫിസിനെ ചുമതലപെടുത്തിയിട്ടുണ്ടെന്നും തുടര്‍ന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പ്രോജക്ട് ഓഫിസര്‍ പ്രേംകുമാറുമായി സംസാരിച്ചെന്നും റോബര്‍ട്ട് കുര്യാക്കോസ് പറയുന്നു.

മമ്മൂട്ടിയുടെ നിര്‍ദേശം അനുസരിച്ച് പ്രേംകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആദ്യം അടിയന്തിര സഹായം നല്‍കുമെന്നും റോബര്‍ട്ട് കുര്യാക്കോസ് പറയുന്നു.